ന്യൂയോര്‍ക്ക്: കനത്ത മഴയെത്തുടര്‍ന്ന് വടക്ക് കിഴക്കന്‍ അമേരിക്കയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. ന്യൂയോര്‍ക്ക് സിറ്റിയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ന്യൂജേഴ്‌സിയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളങ്ങളും പൊതുഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാ ഭാഗങ്ങളിലും നാഷണല്‍ വെതര്‍ സര്‍വീസ് (NWS) മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ന്യൂയോര്‍ക്കില്‍, താഴത്തെ നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞു പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. പെട്ടെന്ന് വെള്ളപ്പൊക്കം വരാന്‍ സാധ്യതയുണ്ട്.' എന്ന് ന്യൂയോര്‍ക്ക് സിറ്റി എമര്‍ജന്‍സി മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയായ എക്‌സില്‍ അറിയിച്ചു. 'ഒരു ഫോണ്‍, ടോര്‍ച്ച്, അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ബാഗ് തയ്യാറാക്കി വെക്കുക. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ തയ്യാറായിരിക്കുക.' മുന്നറിയിപ്പില്‍ പറയുന്നു.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും റോഡ് റെയില്‍വേ എന്നിവയുടെ പ്രവര്‍ത്തനമെല്ലാം മഴ കാരണം തടസ്സപ്പെട്ടു. ന്യൂയോര്‍ക്ക് ലിബര്‍ട്ടി, ലഗാര്‍ഡിയ തുടങ്ങിയ വിനാത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ട്. ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിവിധ നഗരങ്ങളിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
ക്വീന്‍സ് സബ് വേ സ്‌റ്റേഷനില്‍ വെള്ളം കയറിയതായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അറിയിച്ചു. ഇവിടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സതേണ്‍ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ന്യൂജേഴ്‌സിയില്‍ ആളുകള്‍ മുട്ടറ്റം വെള്ളത്തില്‍ നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കം കാരണം റോഡുകള്‍ അടച്ചിരിക്കുകയാണ്.
ചില സ്ഥലങ്ങളില്‍ കൂടുതല്‍ മോശമായ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ആളുകള്‍ ജാഗ്രത പാലിക്കണം. സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കുക. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ കരുതിവെക്കണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
