ശുഭവാര്‍ത്ത: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

ശുഭവാര്‍ത്ത: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു


സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം അനുമതി നല്‍കിയതോടെയാണ് ഇത്. മോചനശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന നടപടിയാണിത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടതെന്നാണ് റിപ്പോര്‍ട്ട്.

കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനില്‍ ഇന്നു യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.

കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്‌റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലായിരുന്നു ഇടപെടലുകള്‍.

ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിച്ചാണ് കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന.