ബീജിംഗ്: റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ചൈന. യുക്രെയ്‌നുമായി 50 ദിവസത്തിനുള്ളില്‍ സമാധാന കരാറിന് വ്ളാഡിമിര്‍ പുടിന്‍ തയ്യാറായില്ലെങ്കില്‍ മോസ്‌കോയുടെ വ്യാപാര പങ്കാളികള്‍ക്ക് കടുത്ത തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ചൈന പ്രഖ്യാപനവുമായി രംഗത്തുവന്നത്.
ബീജിംഗില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ന്നുവെന്നും അന്താരാഷ്ട്ര വേദികളില്‍ ശക്തമായ ഏകോപനം വേണമെന്നും ഷി പറഞ്ഞു. പുതിയ തരം അന്താരാഷ്ട്ര ബന്ധത്തിനുള്ള മാതൃക എന്നാണ് ചൈന- റഷ്യ പങ്കാളിത്തത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ചൈന നിഷ്പക്ഷതയാണ് അവകാശപ്പെടുന്നതെങ്കിലും റഷ്യയുടെ സൈനിക രംഗത്തിന് ബീജിംഗിന്റെ പിന്തുണ അത്യാവശ്യമായി മാറിയെന്ന് യുക്രെയ്നിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍നിര സ്ഥാനം ചൈനയ്ക്കുണ്ട്. ജൂലൈ 4ന് കീവിനെതിരായ ആക്രമണത്തില്‍ ഉള്‍പ്പെടെ റഷ്യ ഉപയോഗിച്ച ഷാഹെദ് ശൈലിയിലുള്ള ഡ്രോണുകള്‍ക്കുള്ളില്‍ ചൈനീസ് നിര്‍മ്മിത ഭാഗങ്ങള്‍ യുക്രെയ്‌നിയന്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. അതോടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഡ്രോണ്‍ ഘടകങ്ങളുമായി ബന്ധമുള്ള അഞ്ച് ചൈനീസ് കമ്പനികള്‍ക്ക് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഉപരോധം ഏര്‍പ്പെടുത്തി.
ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യൂറോപ്യന്‍ യൂണിയനിലെ കാജ കല്ലാസിനോട് 'റഷ്യ യുദ്ധത്തില്‍ തോല്‍ക്കുന്നത് ബീജിംഗിന് താങ്ങാനാവില്ല' എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ തോല്‍വി അമേരിക്കന്‍ ശ്രദ്ധ ചൈനയിലേക്ക് മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി. മോസ്‌കോയ്ക്കുള്ള സൈനിക സഹായ ആരോപണങ്ങള്‍ വാങ് നിഷേധിച്ചുവെങ്കിലും മാരകമല്ലാത്തത് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഏപ്രിലില്‍, ഡൊണെറ്റ്‌സ്‌കില്‍ റഷ്യന്‍ സൈന്യത്തോടൊപ്പം പോരാടുന്ന ചൈനീസ് പൗരന്മാരെ കണ്ടെത്തിയതായി സെലെന്‍സ്‌കി അവകാശപ്പെട്ടു. ഇറാനും ഉത്തരകൊറിയയും ചേര്‍ന്ന് ചൈന- റഷ്യന്‍ സൈന്യത്തെ ആയുധമാക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു. സെപ്റ്റംബറില്‍ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ ഷിയും പുടിനും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.