വാഷിംഗ്ടണ്‍: റഷ്യന്‍ പ്രദേശത്തിനുള്ളില്‍ ആക്രമണം ശക്തമാക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വകാര്യമായി യുക്രെയ്നിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കിയാല്‍ കീവിന് മോസ്‌കോയെ ആക്രമിക്കാന്‍ കഴിയുമോ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയോട് ട്രംപ് ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചതിന് ഒരു ദിവസത്തിന് ശേഷം ജൂലൈ 4ന് സെലെന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഈ വിഷയവുമായി പരിചയമുള്ള രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യു എസ് നിര്‍മ്മിത എ ടി എ സി എം എസ് മിസൈലുകള്‍ യുക്രെയ്‌നില്‍ എത്തിക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
യുക്രെയ്‌നുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിന് താത്പര്യമില്ലെന്ന് പറഞ്ഞ ട്രംപ് അക്കാര്യത്തില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
യുക്രെയ്‌ന് ആയുധം നല്‍കുന്നത് പെന്റഗണ്‍ ആഴ്ചകള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നാണ് ട്രംപ് പുതിയ നീക്കവുമായി രംഗത്തെത്തിയത്.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടിനുമായി ഓവല്‍ ഓഫീസില്‍ സംസാരിച്ച ട്രംപ് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന യു എസ് നിര്‍മ്മിത ആയുധങ്ങള്‍ ഉടന്‍ തന്നെ നാറ്റോ സഖ്യകക്ഷികള്‍ക്ക് അയയ്ക്കുമെന്ന് വ്യക്തമാക്കി. തങ്ങളുടെ ഏറ്റവും മികച്ച ആയുധങ്ങള്‍ നാറ്റോയ്ക്ക് നല്‍കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയ്‌നുമായി 50 ദിവസത്തിനകം കരാറിലെത്തിയില്ലെങ്കില്‍ കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുക്രെയ്ന്‍ അടിയന്തര ആവശ്യമായി ഉന്നയിക്കുന്ന പാട്രിയറ്റ് വ്യോമ സംവിധാനങ്ങളും മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ളവയും ഉടനെ അയക്കുമെന്ന് ട്രംപ് പറഞ്ഞു.
