വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് 'വിശ്വസനീയമെന്ന് കരുതുന്നതെന്തും' അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്തുവിടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. കേസില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുന്നതു സംബന്ധിച്ച് നീതിന്യായവകുപ്പും എഫ്ബിഐയും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തുവെന്ന് വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ ചിലവസ്തുതകള്‍ മറച്ചുപിടിക്കാന്‍ ശ്രമം നടന്നുവെന്നാരോപിച്ച് വിശ്വസ്തരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് വിശ്വസനീയമായതെന്തും പുറത്തുവിടുന്നതിന് തടസമില്ല എന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്‍ തന്റെ 'ഇടപാടുകാരുടെ പട്ടിക' സൂക്ഷിച്ചതിനും ശക്തരായ വ്യക്തികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുതിനു തെളിവുകളൊന്നുമില്ലെന്നും പാംബോണ്ടി കഴിഞ്ഞയാഴ്ച പറഞ്ഞതിനെതുടര്‍ന്ന് ട്രംപിന്റെ വിശ്വസ്തരായ ചില നേതാക്കള്‍ ബോണ്ടിയെ വിമര്‍ശിച്ചിരുന്നു.
വിവാദത്തില്‍ ഇടപെട്ട് 'സമയവും ഊര്‍ജ്ജവും പാഴാക്കരുത്' എന്നാണ് വാരാന്ത്യത്തില്‍ ട്രംപ് തന്റെ പിന്തുണക്കാരോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍കൂടുതല്‍ സുതാര്യമായ കാര്യങ്ങള്‍ ഉണ്ടാകണമെന്ന അഭിപ്രായമാണ് പ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രസിഡന്റിന്റെ വിശ്വസ്തര്‍ ആവശ്യപ്പെട്ടത്. ജയിലില്‍ വെച്ച് മരിച്ച എപ്സ്റ്റീനുമായി ഭരണകക്ഷിയിലെ ഉന്നതര്‍ക്ക് മോശം ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കുട്ടികളെയുള്‍പ്പെടെ പീഡിപ്പിച്ചുവെന്ന കേസില്‍ ഫെഡറല്‍ വിചാരണ കാത്തിരിക്കുന്നതിനിടെ 2019ല്‍ യുഎസ് ജയിലില്‍ വെച്ച് മരിച്ച എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് അന്വേഷകര്‍ പറയുന്നത്.
ശിക്ഷിക്കപ്പെട്ട ശിശുപീഡകനുമായി നല്ല ബന്ധമുള്ള വ്യക്തികളെയോ രഹസ്യാന്വേഷണ ഏജന്‍സികളെയോ സംരക്ഷിക്കുന്നതിനായി ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) പ്രസ്ഥാനത്തിലെ പലരും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെന്നാണ് ആരോപണം..
'അവര്‍(പാം ബോണ്ടി) ഈ വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു, അത് അവരുടെ ഇഷ്ടപ്രകാരമായിരിക്കും. വിശ്വസനീയമെന്ന് അവര്‍ കരുതുന്നതെന്തും അവര്‍ക്കു പുറത്തുവിടാം.' തന്റെ അറ്റോര്‍ണി ജനറല്‍ ഈ വിഷയം കൈകാര്യം ചെയ്തതിനെ പ്രശംസിച്ചുകൊണ്ട് ചൊവ്വാഴ്ച, ട്രംപ് പറഞ്ഞു.
ഏതെങ്കിലും രേഖകളില്‍ തന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് അറ്റോര്‍ണി ജനറല്‍ ട്രംപിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, 'ഇല്ല ഇല്ല' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.
