സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു: ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ രഹസ്യ പദ്ധതി ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്

സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു: ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ രഹസ്യ പദ്ധതി ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്


ലണ്ടന്‍: ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് കൊണ്ടുവന്നു പുനരധിവസിപ്പിക്കാന്‍ ബ്രിട്ടന്‍ രഹസ്യ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. 2022 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ യുകെയിലേക്ക് മാറാന്‍ അപേക്ഷിച്ച ഏകദേശം 19,000 പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം.  പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ പിഴവാണ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 4,500 അഫ്ഗാനികള്‍ യുകെയില്‍ എത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റില്‍ ചില വിശദാംശങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മുന്‍ സര്‍ക്കാര്‍ ഈ വിവര ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞത്.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് രഹസ്യ പദ്ധതി രൂപികരിച്ചത്. ബ്രിട്ടിഷ് സേനയെ സഹായിച്ച പാര്‍ലമെന്റ് അംഗങ്ങളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹെയ്‌ലി ക്ഷമാപണം നടത്തി.

''സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നത്. പക്ഷേ, വിവരങ്ങള്‍ ചോര്‍ന്ന എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു.'' - ജോണ്‍ ഹെയ്‌ലി പറഞ്ഞു.