ഷിക്കാഗോ: ഫെഡറല്‍ സൈന്യത്തെ നഗരത്തിലേക്ക് അയക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഷിക്കാഗോ മേയര്‍. സൈനിക നീക്കത്തെ ചെറുക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ ഒപ്പുവെച്ചു. 'നിയന്ത്രണാതീതമായ ഭരണകൂടത്തിന്റെ ഭീഷണികളില്‍ നിന്നും നടപടികളില്‍ നിന്നും താമസക്കാരെ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവെന്ന് മേയര്‍ അറിയിച്ചു.
'ഷിക്കാഗോ പ്രൊട്ടക്റ്റിങ് ഇനിഷ്യേറ്റീവ്' എന്ന് പേരിട്ടിട്ടുള്ള ഈ നീക്കം, നഗരത്തില്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന 'വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍' ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത് സൈനികവല്‍ക്കരിച്ച കുടിയേറ്റ നിയന്ത്രണമായോ നാഷണല്‍ ഗാര്‍ഡ് സൈനികരുടെ വിന്യാസമായോ അല്ലെങ്കില്‍ സായുധ വാഹനങ്ങളായോ നഗരത്തില്‍ എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം, ഷിക്കാഗോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ സൈനിക ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള പട്രോളിംഗിലോ കുടിയേറ്റ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലോ സഹകരിക്കില്ല. രാജ്യത്തെ ഏതൊരു നഗരവും സ്വീകരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രതിരോധ നടപടിയാണിതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണ്‍ ഡി.സി.ക്ക് പിന്നാലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള നീക്കം ട്രംപ് പരിഗണിക്കവേയാണ് ഷിക്കാഗോയുടെ ഈ തീരുമാനം. ക്രമസമാധാനം മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വാദം. അതേസമയം, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ക്രമസമാധാനം ഉറപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും ഫെഡറല്‍ സര്‍ക്കാരിനല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഷിക്കാഗോ മേയറും ട്രംപും തമ്മില്‍ സംഘര്‍ഷം, സൈനിക വിന്യാസ നീക്കത്തെ ചെറുക്കാന്‍ ഉത്തരവിട്ട് മേയര്‍
