സസ്യങ്ങളുടെ രഹസ്യഭാഷണങ്ങളോട് പ്രാണികളും മൃഗങ്ങളും പ്രതികരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍

സസ്യങ്ങളുടെ രഹസ്യഭാഷണങ്ങളോട് പ്രാണികളും മൃഗങ്ങളും പ്രതികരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍


ടെൽ അവീവ്:  സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളോട് മൃഗങ്ങൾ പ്രതികരിക്കുന്നുവെന്ന് പുതിയ പഠനം. ഇത് ജീവജാലങ്ങൾക്കിടയിൽ നിലനിൽക്കുന്ന അദൃശ്യമായ ഒരു ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കൗതുകകരമായ സാധ്യതകളാണ് തുറന്നുവിടുന്നത്. ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ നിർണ്ണായക കണ്ടെത്തലുകൾ നടത്തിയിട്ടുള്ളത്.

പെൺ നിശാശലഭങ്ങൾ തക്കാളി ചെടികളിൽ മുട്ടയിടുന്നത് ഒഴിവാക്കുന്നതായി പഠനം കണ്ടെത്തി. ചെടികൾക്ക് അസ്വസ്ഥതകളുണ്ടാക്കുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ അവ അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പ്രതികരണം. സസ്യങ്ങൾ രോഗനിർണയത്തിലാകുമ്പോഴോ അനാരോഗ്യമാകുമ്പോഴോ 'നിലവിളികൾ' പുറപ്പെടുവിക്കുമെന്ന് രണ്ട് വർഷം മുമ്പ് ഇതേ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.

'ഒരു സസ്യം പുറപ്പെടുവിക്കുന്ന ശബ്ദങ്ങളോട് ഒരു മൃഗം പ്രതികരിക്കുന്നതിന്റെ ആദ്യ പ്രകടനമാണിത്,' ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫസർ യോസി യോവൽ പറഞ്ഞു. മനുഷ്യർക്ക്  കേൾക്കാൻ കഴിയാത്ത ഈ ശബ്ദങ്ങൾ പ്രാണികൾക്കും, വവ്വാലുകൾക്കും, ചില സസ്തനികൾക്കും തിരിച്ചറിയാൻ സാധിക്കും.

'പരാഗണം നടത്തണോ അതോ അവയുടെ ഉള്ളിൽ ഒളിക്കണോ അതോ ചെടി കഴിക്കണോ എന്നിങ്ങനെ എല്ലാത്തരം മൃഗങ്ങൾക്കും സസ്യങ്ങളിൽ നിന്ന് കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് പ്രൊഫസർ യോവൽ കൂട്ടിച്ചേർത്തു. ഇത് ഈ ഘട്ടത്തിൽ ഒരു ഊഹാപോഹം മാത്രമാണ്. നിശാശലഭങ്ങൾ ചെടിയുടെ രൂപഭാവത്തിനല്ല, മറിച്ച് അവയുടെ ശബ്ദത്തിനാണ് പ്രതികരിക്കുന്നത് എന്ന് ഉറപ്പാക്കാൻ ഗവേഷകർ സൂക്ഷ്മമായ പരീക്ഷണങ്ങൾ നടത്തിയെന്നും  പ്രൊഫസർ യോവൽ പറയുന്നു.
സസ്യങ്ങൾക്ക് ശബ്ദത്തിലൂടെ വിവരങ്ങൾ പരസ്പരം കൈമാറാനും വരൾച്ചയിൽ ജലം സംരക്ഷിക്കുന്നത് പോലുള്ള പ്രതികരണങ്ങൾ നൽകാനും കഴിയുമോ എന്നതാണ് മറ്റൊരു പ്രധാന പഠന മേഖലയെന്ന് ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫസർ ലിലാച്ച് ഹദാനി അഭിപ്രായപ്പെട്ടു. ഇതൊരു ആവേശകരമായ ചോദ്യമാണ്. ഒരു ചെടിക്ക് സമ്മർദ്ദം അനുഭവപ്പെടുകയാണെങ്കിൽ അവയ്ക്ക് പല തരത്തിൽ പ്രതികരിക്കാൻ കഴിയുമെന്ന് പ്രൊഫസർ ലിലാച്ച് ഹദാനി ബിബിസി ന്യൂസിനോട് പറഞ്ഞു.

സസ്യങ്ങൾക്ക് വികാരങ്ങളുണ്ടെന്നു സ്ഥാപിക്കാനല്ല ഗവേഷകർ ഇതിലൂടെ ശ്രമിക്കുന്നത്. ചുറ്റുപാടുകളിലെ മാറ്റം മൂലമുണ്ടാകുന്ന ഭൗതിക സ്വാധീനങ്ങളിലൂടെയാണ് ചെടികളിൽ ശബ്ദങ്ങൾ ഉണ്ടാകുന്നത്. ഈ ശബ്ദങ്ങൾ മറ്റ് മൃഗങ്ങൾക്കും, ഒരുപക്ഷേ സസ്യങ്ങൾക്കും, ഗ്രഹിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ കാണിക്കുന്നത്.

അങ്ങനെയാണെങ്കിൽ, സസ്യങ്ങളും മൃഗങ്ങളും പരസ്പരം പ്രയോജനത്തിനായി ശബ്ദങ്ങൾ ഉത്പാദിപ്പിക്കാനും കേൾക്കാനുമുള്ള കഴിവുകൾ ഒരുമിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പ്രൊഫസർ ഹദാനി പറയുന്നു. സസ്യങ്ങൾക്ക് പ്രയോജനമുണ്ടെങ്കിൽ അവയ്ക്ക് കൂടുതൽ ശബ്ദങ്ങളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ പുറപ്പെടുവിക്കാൻ കഴിയും, കൂടാതെ മൃഗങ്ങളുടെ കേൾവിയും അതിനനുസരിച്ച് പരിണമിച്ചേക്കാം, അതുവഴി അവയ്ക്ക് ഈ വലിയ അളവിലുള്ള വിവരങ്ങൾ ഉൾക്കൊള്ളാൻ കഴിയും അവർ കൂട്ടിച്ചേർത്തു.