ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ധാക്കയിലെ തറവാട് വീട് പൊളിക്കുന്നതില്‍ ഇടപെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വീട് പൊളിച്ചുമാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. ചരിത്രമുറങ്ങുന്ന വീട് സംരക്ഷിക്കാന്‍ സഹായ വാഗ്ദാനവും നല്‍കി.
വിഖ്യാത ചലച്ചിത്രകാരന്റെ തറവാട് വീട് പൊളിക്കുന്ന ബംഗ്ലാദേശിന്റെ നടപടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് എക്‌സിലൂടെ ജനശ്രദ്ധയിലെത്തിച്ചത്. ഈ കെട്ടിടം പൊളിക്കാനുള്ള നീക്കത്തെ 'അഗാധമായ ഖേദം' എന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിഷയം ഏറെ ചര്‍ച്ചയാവുകയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടുകയുമായിരുന്നു.
ധാക്കയിലെ മൈമെന്‍സിങ്ങിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ വീട് സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റായ് ചൗധരിയുടെതായിരുന്നു. ഈ കെട്ടിടം ഇരു രാജ്യങ്ങളുടെയും പൊതു സംസ്‌കാരത്തെ പ്രതീകപ്പെടുത്തുന്ന ഒരു മ്യൂസിയമാക്കി മാറ്റാന്‍ വേണ്ട സഹായം നല്‍കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണുള്ളത്.
'ബംഗ്ലാ സാംസ്‌കാരിക നവോത്ഥാനത്തെ പ്രതീകപ്പെടുത്തുന്ന കെട്ടിടത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, അതു പൊളിച്ചുമാറ്റാനുള്ള തീരുമാനം പുനപരിശോധിക്കുകയും ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പങ്കിട്ട സംസ്‌കാരത്തിന്റെ പ്രതീകമായും സാഹിത്യ മ്യൂസിയമായും അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനുമുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. ഇതിനായുള്ള സഹകരണം നല്‍കാന്‍ ഇന്ത്യ സന്നദ്ധമായിരിക്കും'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സത്യജിത്ത് റായ് ഇന്ത്യന്‍ സിനിമയുടെ അഭിമാനം
ഇന്ത്യന്‍ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായ് 1955കളില്‍ തെരഞ്ഞെടുത്തത്. ഒടുവില്‍ ലോക സിനിമകളുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ സിനിമ മാറി. 'റായിയുടെ സിനിമ കാണാതിരിക്കുകയെന്നാല്‍, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനില്‍ക്കുകയെന്നാണ് അര്‍ഥം' എന്ന അകിര കുറസോവയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതും അതുതന്നെ.
ബംഗാളിന്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേര്‍ത്തുവച്ച് ഒരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകള്‍, അതിലുമേറെ ബഹുമതികള്‍... ഒരുപക്ഷേ, ഇത്രയേറെ പുസ്തകങ്ങള്‍ രചിച്ചതും രചിക്കപ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരന്‍ ഇവിടെയുണ്ടായിക്കാണില്ല.
സത്യജിത് റായിയുടെ ധാക്കയിലെ തറവാട് വീട് പൊളിക്കരുത്; സാഹിത്യ മ്യൂസിയമാക്കാന്‍ സഹായിക്കാം-ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യ
