ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായി. ഫൈനലില്‍ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് കഴിഞ്ഞ തവണ മൈക്രോ സെക്കന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായ വീയപുരം കിരീടം നേടിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടന്‍ തുഴഞ്ഞത്. അവരുടെ മൂന്നാം കിരീടനേട്ടമാണിത്.
പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം ചുണ്ടന്‍ ആറാം ഹീറ്റ്‌സില്‍ ഒന്നാമതെത്തി ഫൈനലില്‍ പ്രവേശിച്ചു. നടുഭാഗം ചുണ്ടന്‍ നാലാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ മേല്‍പ്പാടം ചുണ്ടന്‍ വള്ളവും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടന്‍ ചുണ്ടന്‍ വള്ളത്തിന് ഫൈനലില്‍ എത്താന്‍ സാധിച്ചില്ല. ആദ്യ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ കാരിച്ചാല്‍ ചുണ്ടനും ഫൈനല്‍ കാണാതെ പുറത്തായി.
വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.
മത്സര വള്ളംകളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കാനും ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാനും ഇത്തവണ വെര്‍ച്ചല്‍ ലൈനോടു കൂടിയ ഫിനിഷിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
അതേസമയം ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനില്‍ ഇതര സംസ്ഥാനക്കാരായ തുഴച്ചില്‍കാര്‍ കൂടതലായിരുന്നു എന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതു സംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നല്‍കി.