ഡൊണള്‍ഡ് ട്രംപ് മരിച്ചു; എക്‌സില്‍

ഡൊണള്‍ഡ് ട്രംപ് മരിച്ചു; എക്‌സില്‍


ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരിച്ചു; എക്‌സിലാണെന്ന് മാത്രം. ട്രംപ് മരിച്ചിരിക്കുന്നു... ഈ പോസ്റ്റ് ലൈക് ചെയ്ത് പങ്കു വയ്ക്കുന്നവര്‍ക്ക് ആയിരം ഡോളര്‍ നല്‍കുന്നു എന്ന രീതിയിലുള്ള പതിനായിരക്കണക്കിന് പോസ്റ്റുകളാണ് എക്‌സില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ ആരോഗ്യത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ എക്‌സ് ട്രെന്‍ഡ് എന്നതും ശ്രദ്ധേയമാണ്. കാലില്‍ നീരുമായി ട്രംപ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് അസുഖമാണെന്ന അഭ്യൂഹം ശക്തമായത്. ട്രംപുമായി ബന്ധപ്പെട്ട എന്തെങ്കിലും ദുരന്തം സംഭവിക്കുകയാണെങ്കില്‍ അധികാരത്തിലേറാന്‍ താന്‍ തയാറാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞതും അഭ്യൂഹങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു. അതേസമയം ട്രംപ് ആരോഗ്യവാനാണെന്നും അവിശ്വസനീയമാം വിധം മികച്ച ആരോഗ്യമുണ്ടെന്നും വാന്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

79കാരനായ ട്രംപ് ദിവസങ്ങളായി പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരേയും കാര്യങ്ങളൊന്നും പറഞ്ഞിട്ടുമില്ല. 

കൈപ്പത്തിയില്‍ കരുവാളിപ്പോടു കൂടിയാണ് കഴിഞ്ഞ ആഴ്ചയില്‍ യു എസ് പ്രസിഡന്റ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ ലീ ജെയ് മ്യുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കരുവാളിപ്പ് മേക്കപ്പിലൂടെ മറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതു ശ്രദ്ധയില്‍പ്പെടുന്നുണ്ടായിരുന്നു. ജൂലൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ട്രംപിന്റെ കാലില്‍ നീരുണ്ടായിരുന്നതായും വ്യക്തമാണ്. വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് ക്രോണിക് വീനസ് ഇന്‍സഫിഷന്‍സിയാണെന്ന് കണ്ടെത്തിയിരുന്നു. കാലില്‍ നിന്നുള്ള രക്തം ഹൃദയത്തിലേക്കെത്താന്‍ ബുദ്ധിമുട്ടു നേരിടുന്നതു മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. എഴുപതുകളില്‍ ഈ അസുഖം സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.