ഇന്ത്യയ്ക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയ്ക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്


ന്യൂഡല്‍ഹി: രാജ്യ താത്പര്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ഇരട്ട താരിഫില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്ത എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഉറച്ച താത്പര്യങ്ങള്‍ മാത്രമാണുള്ളത് എന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്‍ഡിടിവി ഡിഫന്‍സ് സമ്മിറ്റില്‍ ആയിരുന്നു കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

'ആഗോളതല വ്യാപാര മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സംരക്ഷണവാദികളായി മാറുന്നു. എന്നാല്‍ ഇന്ത്യ തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ ആരെയും തങ്ങളുടെ ശത്രുവായി കണക്കാക്കുന്നില്ല. പക്ഷേ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. എന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയെ പരാമര്‍ശിച്ച് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം 24,000 കോടി രൂപയായി ഉയര്‍ന്നുവെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. 2014ല്‍ 700 കോടി രൂപ ആയിരുന്ന കയറ്റുമതിയാണ് പത്ത് വര്‍ഷത്തിനിടെ വലിയ വളര്‍ച്ച നേടിയത്. ഇറക്കുമതിക്കാരനില്‍ നിന്ന് വളര്‍ന്നുവരുന്ന കയറ്റുമതിക്കാരനിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.