ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം അധിക തീരുവയ്ക്കുപിന്നില്‍ട്രംപിന്റെ ഈഗോ എന്ന് ജെഫറീസ് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം അധിക തീരുവയ്ക്കുപിന്നില്‍ട്രംപിന്റെ ഈഗോ എന്ന് ജെഫറീസ് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ് തീരുമാനം ട്രംപിന്റെ വ്യക്തിപരമായ താത്പര്യമാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നിക്ഷേപ ബാങ്കായ ജെഫറീസിന്റെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഇന്ത്യപാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതുമായി ബന്ധപ്പെട്ട 'വ്യക്തിപരമായ എതിര്‍പ്പ്' ആണ് തീരുമാനത്തിന് പിന്നില്‍, വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യ  പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥനായി ഇടപെടണമെന്നും ഇതിലൂടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാനുള്ള അവസരം ഉണ്ടാക്കണം എന്നും ട്രംപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യ  പാക് വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാത്ത ഇന്ത്യന്‍ നിലപാട് ട്രംപിന് നീരസമുണ്ടാക്കി. ഈ വ്യക്തിപരമായ എതിര്‍പ്പാണ് അധിക തീരുവയിലേക്ക് നയിച്ചത് എന്നും ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തി ദക്ഷിണേഷ്യയില്‍ ഒരു 'ആണവയുദ്ധം' തടഞ്ഞു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതില്‍ തന്റെ മധ്യസ്ഥത ഉണ്ടായിരുന്നു എന്നും ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരന്തരം ട്രംപ് ഉയര്‍ത്തിയ ഈ വാദം ഇന്ത്യ നിഷേധിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയാണ് വെടിനിര്‍ത്തല്‍ നേടിയതെന്നും യുഎസ് ഇടപെടലുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. 'ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ക്രൂരമായ തീരുവകള്‍ ദൗര്‍ഭാഗ്യകരമായ ഈ സംഭവങ്ങളുടെ ഫലമാണ്,' എന്നും ജെഫറീസ് റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ബാധിക്കുക. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖലയിലുണ്ടാക്കുന്ന തൊഴില്‍ പ്രതിസന്ധി ഉള്‍പ്പെടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് 5560 ദശലക്ഷ്യം ഡോളറിന്റെ നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.