കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ പടക്ക നിര്‍മാണത്തിനിടെ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ പടക്ക നിര്‍മാണത്തിനിടെ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്


കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാടക വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഗോവിന്ദന്റെ വീടാണ് തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു. രാത്രി രണ്ടു മണിക്കാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് അയല്‍വാസി പറഞ്ഞു. ' വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിനു മുകളില്‍ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാര്‍ വരുന്നത്. വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.