ട്രംപിന്റെ ഇന്ത്യവിരുദ്ധ താരിഫുകളെ വിമര്‍ശിച്ച് മുന്‍ യുഎസ് ദേശീയ സുരക്ഷ ഉപദേശകന്‍ ജയ്ക്ക് സള്ളിവന്‍

ട്രംപിന്റെ ഇന്ത്യവിരുദ്ധ താരിഫുകളെ വിമര്‍ശിച്ച് മുന്‍ യുഎസ് ദേശീയ സുരക്ഷ ഉപദേശകന്‍ ജയ്ക്ക് സള്ളിവന്‍


വാഷിംഗ്ടണ്‍ :  ഇന്ത്യയ്‌ക്കെതിരായി 50 ശതമാനം താരിഫ് വര്‍ദ്ധിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ആഞ്ഞടിച്ചു, 'ആഗോളതലത്തില്‍ അമേരിക്കന്‍ ബ്രാന്‍ഡ് ടോയ്‌ലറ്റിലാണ്' എന്നാണ് സള്ളിവന്റെ പരിഹാസം. ട്രംപിന്റെ ഈ നീക്കം ന്യൂഡല്‍ഹിയെ ബീജിംഗിലേക്ക് കൂടുതല്‍ അടുപ്പിക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദി ബള്‍വാര്‍ക്ക് പോഡ്കാസ്റ്റില്‍ ടിം മില്ലറുമായുള്ള സംഭാഷണത്തില്‍, നിരവധി യുഎസ് സഖ്യരാജ്യങ്ങളും പങ്കാളികളും ഇപ്പോള്‍ വാഷിംഗ്ടണിനെ വിശ്വസനീയ പങ്കാളിയായി കരുതുന്നില്ല. ട്രംപിന്റെ ബന്ധങ്ങള്‍ തടസ്സപ്പെടുത്തുന്നയാള്‍ ആയിട്ടാണ് സഖ്യരാജ്യങ്ങള്‍ കാണുന്നതെന്നും അതേസമയം ചൈന ആഗോള പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു.

ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് 25 ശതമാനം പിഴ ഉള്‍പ്പെടെ ഇന്ത്യന്‍ സാധനങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്.

'ഞാന്‍ ഇപ്പോള്‍ ഈ സ്ഥലങ്ങളിലേക്ക് പോകുമ്പോഴും നേതാക്കളുമായി സംസാരിക്കുമ്പോഴും അവര്‍ അമേരിക്കയ്ക്ക്  അപകീര്‍ത്തികരമായാണ് സംസാരിക്കുന്നത്. അവര്‍ ഇപ്പോള്‍ യുഎസിനെ വലിയ തടസ്സമായാണ് കാണുന്നത്. -സള്ളിവന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

 'ചൈന പല രാജ്യങ്ങളിലും ജനപ്രീതിയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്. ഒരു വര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ല, യുഎസ് ബ്രാന്‍ഡ് ടോയ്‌ലറ്റിലാണെന്നും ചൈന ഉത്തരവാദിത്തമുള്ള കളിക്കാരനെപ്പോലെയാണ് കാണപ്പെടുന്നതെന്നും രാജ്യങ്ങള്‍ ഇപ്പോള്‍ അടിസ്ഥാനപരമായി പറയുന്നു.-ബീജിംഗിനെ വാഷിംഗ്ടണുമായി താരതമ്യപ്പെടുത്തിക്കൊണ്ട് സള്ളിവന്‍ പറഞ്ഞു,

ട്രംപിന്റെ താരിഫ് ആക്രമണം കാരണം ഇന്ത്യ 'ചൈനയ്‌ക്കൊപ്പം ചേര്‍ന്നു' . ഇന്ത്യയുമായി അടുത്ത ബന്ധം ഉറപ്പിക്കാനുള്ള യുഎസിന്റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ അപകടത്തിലാണെന്ന് മുന്‍ എന്‍എസ്എ പറഞ്ഞു.

ഇന്ത്യയുമായി ആഴമേറിയതും കൂടുതല്‍ സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാന്‍ നമ്മള്‍ ഉഭയകക്ഷി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്.  ഇപ്പോള്‍ അതില്‍ ചൈനയുടെ വെല്ലുവിളി വലുതായി ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് ട്രംപ് അവര്‍ക്കെതിരെ ഒരു വലിയ വ്യാപാര ആക്രമണം നടത്തിയിരിക്കുകയാണ്. അതിനെ നേരിടാന്‍ ഇന്ത്യ ചൈനയോടൊപ്പം ഇരിക്കാന്‍ പോവുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് 25 ശതമാനം പിഴ ചുമത്തിയതിനെ കഴിഞ്ഞ ദിവസം മുന്‍ യുഎസ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ബോള്‍ട്ടണ്‍ ചോദ്യം ചെയ്തിരുന്നു. ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട് എന്നിട്ടും ഇന്ത്യക്കുമാത്രം നികുതി കൂട്ടുന്നതിനെയാണ് ബോള്‍ട്ടണ്‍ വിമര്‍ശിച്ചത്. ദിവസങ്ങള്‍ക്കുശേഷമാണ് ജെയ്ക്ക് സള്ളിവനും സമാനമായ വിമര്‍ശനം ഉന്നയിക്കുന്നത്. 

ഇന്ത്യയുഎസ് ബന്ധം നിലവില്‍ 'വളരെ മോശം അവസ്ഥയിലാണെന്ന്' ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ടണ്‍ സമ്മതിച്ചു. കൂടാതെ ട്രംപ്  'യുക്തിയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ്' ആണെന്ന് താന്‍  വിശ്വസിക്കുന്നുതായും ബോള്‍ട്ടണ്‍ പറഞ്ഞു. ശേഷിക്കുന്ന കാലയളവില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ട്രംപ് നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.