ഇന്ത്യയുടേത് നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെന്ന ട്രംപിന്റെ ആക്ഷേപത്തിന് തിരിച്ചടി; ഏപ്രില്‍-ജൂണ്‍ കാലയളവിലെ ജി.ഡി.പി 7.8% വളര്‍ച്ച നേടി

ഇന്ത്യയുടേത് നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെന്ന ട്രംപിന്റെ ആക്ഷേപത്തിന് തിരിച്ചടി; ഏപ്രില്‍-ജൂണ്‍ കാലയളവിലെ ജി.ഡി.പി 7.8% വളര്‍ച്ച നേടി


ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആക്ഷേപങ്ങള്‍ക്കുമിടയില്‍ ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത. ഏപ്രില്‍-ജൂണ്‍ കാലയളവിലെ ജി.ഡി.പി 7.8% വളര്‍ച്ച നേടി. വിപണി വിദഗ്ധര്‍ 6.7% വളര്‍ച്ച പ്രതീക്ഷിച്ചിടത്താണിത്. ഇന്ത്യയുടേത് നിര്‍ജ്ജീവമായ സമ്പദ് വ്യവസ്ഥയാണെന്നും, അത് തകരുമെന്നുമുള്ള യു.എസ് പ്ര!സിഡന്റ് ഡോണള്‍ഡ് ട്രംപിന് കണക്കുകള്‍ നല്‍കിയ മറുപടി കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.7% വളര്‍ച്ചയായിരുന്നു നേടിയത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ വെള്ളിയാഴ്ച്ചയാണ് ജി.ഡി.പി കണക്കുകള്‍ പുറത്തു വിട്ടത്. പ്രാഥമിക മേഖലയുടെ ശക്തമായ വളര്‍ച്ച, സര്‍വീസ് സെക്ടറിലെ ബൂം, സര്‍ക്കാരിന്റെ മൂലധനച്ചിലവുകളുടെ പിന്തുണ എന്നിവ ഈ വളര്‍ച്ചയ്ക്ക് ഇന്ധനം പകര്‍ന്നു.

കഴിഞ്ഞ 5 പാദങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൂടിയാണ് ഇന്ത്യ നേടിയിരിക്കുന്നത്. ലോകത്തെ അതിവേഗത്തില്‍ വളരുന്ന പ്രമുഖ സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ കരുത്താണ് ജി.ഡി.പി കണക്കുകളിലൂടെ പ്രകടമായിരിക്കുന്നത്. സര്‍വീസസ്, മാനുഫാക്ചറിങ്, ഫാം ഔട്പുട്ട് തുടങ്ങിയ സെക്ടറുകളുടെ സംഭാവന ഉയര്‍ന്നു നില്‍ക്കുന്നു

ചൈനയുടെ സപ്ലൈ ചെയിന്‍ സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യയ്ക്ക് 'ആഗോള മാനുഫാക്ചറിങ് ഹബ്ബ്' എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ രണ്ടാമൂഴം ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാറിയത്.

ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള തലത്തില്‍ വ്യാപാര മേഖലയില്‍ അനിശ്ചിതാവസ്ഥയുടെ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയുടെ കയറ്റുമതിയെ താരിഫ് നയങ്ങള്‍ ബാധക്കുമെന്ന സ്ഥിതി വന്നു. വിവിധ മേഖലകളിലെ തൊഴില്‍, സ്വകാര്യ നിക്ഷേപം എന്നിവയില്‍ റിസ്‌ക് ഉണ്ടാകുന്ന സാഹചര്യമാണ് സംജാതമായത്. യു.എസിന്റെ താരിഫ് നയങ്ങള്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ച 0.60.8% എന്ന തോതില്‍ കുറയാന്‍ കാരണമാകുമെന്ന് ചില അനലിസ്റ്റുകള്‍ വിലയിരുത്തി

എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കിടയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയത്. കൃഷി ഉള്‍പ്പെടുന്ന പ്രാഥമിക മേഖല കഴിഞ്ഞ വര്‍ഷത്തെ 1.5% വളര്‍ച്ചയില്‍ നിന്ന് 3.7% വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാനുഫാക്ചറിങ് മേഖലയില്‍ 7.7% വളര്‍ച്ച ഫ്‌ലാറ്റാണെങ്കിലും, തൊട്ടു മുമ്പത്തെ പാദത്തിലെ 4.8% എന്ന തോതിനേക്കാള്‍ ഉയര്‍ച്ച നേടിയിട്ടുണ്ട്

ഹോട്ടല്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ഫിനാ!ന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന സര്‍വീസസ് സെക്ടര്‍ 9.3% വളര്‍ച്ചയും നേടി. ജി.ഡി.പിയുടെ 60% സംഭാവന ചെയ്യുന്ന സ്വകാര്യ ഉപഭോഗം 7% വര്‍ധിച്ചു. സര്‍ക്കാരിന്റെ ചിലവുകള്‍ 9.7%, ക്യാപിറ്റല്‍ ഫോര്‍മേഷന്‍ 7.8% എന്നിങ്ങനെയും ഉയര്‍ച്ച നേടിയിട്ടുണ്ട്.