ധന നഷ്ടം വര്‍ധിച്ചു; സ്പിരിറ്റ് എയര്‍ലൈന്‍സ് വീണ്ടും പാപ്പരത്ത ഹര്‍ജി ഫയല്‍ചെയ്തു

ധന നഷ്ടം വര്‍ധിച്ചു; സ്പിരിറ്റ് എയര്‍ലൈന്‍സ് വീണ്ടും പാപ്പരത്ത ഹര്‍ജി ഫയല്‍ചെയ്തു


ഫ്‌ളോറിഡ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ വന്നതോടെ ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെലവുകുറഞ്ഞ യാത്രാ വിമാന കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പാപ്പരത്തം പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ പ്രതിസന്ധി മറികടന്ന് മാസങ്ങള്‍ക്കുശേഷമാണ് രണ്ടാമതും കമ്പനി പാപ്പരത്ത നടപടികളിലേക്ക് പോകുന്നത്. തിരിച്ചുവരവിനായി നടത്തിയ ശ്രമങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളും പ്രവര്‍ത്തന നഷ്ടവും വര്‍ധിച്ചതോടെ പാളം തെറ്റിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ വിമാന സര്‍വീസുകള്‍, ടിക്കറ്റ് വില്‍പ്പന, റിസര്‍വേഷനുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ തുടരുമെന്ന് എയര്‍ലൈന്‍ വെള്ളിയാഴ്ച പറഞ്ഞു.

വളരെ കുറഞ്ഞ ചെലവിലുള്ള സേവനമാതൃകയുടെ പ്രായോഗികതയ്ക്ക്  വെല്ലുവിളി സൃഷ്ടിച്ച പാന്‍ഡെമിക്കിനു ശേഷമുള്ള യാത്രാ പ്രവണതകളുമായി പൊരുത്തപ്പെടാന്‍ സ്പിരിറ്റ് കൂടുതല്‍ പ്രീമിയം എയര്‍ലൈനായി റീബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍  ഉപഭോക്തൃ ചെലവുകള്‍ മന്ദീഭവിപ്പിക്കുകയും ആഭ്യന്തര വിമാന നിരക്കുകള്‍ കുറയ്ക്കുകയും ചെയ്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താരിഫുകളും ബജറ്റ് വെട്ടിക്കുറവുകളും മൂലമുണ്ടായ അനിശ്ചിതത്വം സ്പിരിറ്റിന്റെ തിരിച്ചുവരവിനെ കൂടുതല്‍ ബാധിച്ചു.

'സ്പിരിറ്റിന്റെ ഫണ്ടഡ് കടം കുറയ്ക്കുന്നതിനും ഇക്വിറ്റി മൂലധനം സമാഹരിക്കുന്നതിനും മാത്രമായി ലക്ഷ്യമിട്ടുള്ള ഞങ്ങളുടെ മുന്‍ പുനഃസംഘടനയില്‍ നിന്ന് പുറത്തുവന്നതിനുശേഷം, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഭാവിയില്‍ സ്പിരിറ്റിനെ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാണെന്നും വ്യക്തമായെന്ന് സിഇഒ ഡേവ് ഡേവിസ് പറഞ്ഞു.

വര്‍ഷങ്ങളുടെ നഷ്ടങ്ങള്‍, പരാജയപ്പെട്ട ലയന കരാറുകള്‍, വര്‍ദ്ധിച്ചുവരുന്ന കടം എന്നിവയ്ക്ക് ശേഷം ഫ്‌ലോറിഡ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ആദ്യമായി പാപ്പരത്ത സംരക്ഷണം തേടിയത് കഴിഞ്ഞ നവംബറിലാണ്, 2011 ന് ശേഷം പാപ്പരത്ത നടപടികളിലേക്ക് കടന്ന യുഎസിലെ ആദ്യത്തെ പ്രധാന വിമാന കമ്പനിയായി സ്പിരിറ്റ് മാറി.