''രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദ് ആണ്''.,സൊഹ്‌റാന്‍ മംദാനിയെ കുരുക്കിലാക്കി മുന്‍ ഓഫിസ് ഇന്റേണിന്റെ വീഡിയോ

''രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദ് ആണ്''.,സൊഹ്‌റാന്‍ മംദാനിയെ കുരുക്കിലാക്കി മുന്‍ ഓഫിസ് ഇന്റേണിന്റെ വീഡിയോ


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ഡെമോക്രാറ്റ് പ്രൈമറിയില്‍ കടന്നുകൂടിയ സൊഹ്‌റാന്‍ മംദാനി ഇരുപക്ഷത്തെയും എതിരാളികളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പ് നേരിടുന്നതിനിടെ പാലസ്തീന്‍ അനുകൂലിയായ അദ്ദേഹത്തെ കൂടുതല്‍ വെട്ടിലാക്കുന്ന ഒരു വിവാദ വീഡിയോ പുറത്തി. സൊഹ്‌റാന്റെ മുന്‍ ഓഫിസ് ഇന്റേണിന്റെ വീഡിയോയില്‍ ന്യൂയോര്‍ക്ക് സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഹദീഖ മാലിക്ക് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തില്‍ പ്രതിഷേധിച്ചുകൊണ്ടു നടത്തിയ വീഡിയോദൃശ്യങ്ങളിലെ വാക്കുകളാണ് വിവാദമായത്. രാഷ്ട്രീയപ്രവര്‍ത്തനം ജിഹാദാണെന്നായിരുന്നു ഹദീഖയുടെ വാക്കുകള്‍.

'ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തില്‍ പ്രതിഷേധിക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ നാം തയ്യാറാവണം. സൈബര്‍ ആക്രമണം നേരിടണം. രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദ് ആണ്. കോളനിവല്‍ക്കരണത്തിനെതിരെ നിലകൊള്ളുമ്പോള്‍ അറസ്റ്റ് അടക്കമുള്ള ഭവിഷ്യത്ത് നേരിടാന്‍ തയ്യാറാകണം. ഇതൊന്നും വെറുതെയാവില്ലെന്ന് അറിയാം, ഇതെല്ലാം ജിഹാദാണ്, ഇതെല്ലാം ആരാധനയാണ് എന്നെല്ലാമാണ് ഹദീഖ മാലിക്ക് വീഡിയോയില്‍ പറയുന്നത്.

ഇസ്രയേലിന്റെ അടിച്ചമര്‍ത്തലിനെതിരായ പ്രസ്ഥാനത്തില്‍ പങ്കുചേരാത്തവരെയും ഹദീഖ വിമര്‍ശിച്ചു.'ഇത് നിങ്ങള്‍ ഇടപെടേണ്ട വിഷയമായി കാണുന്നില്ലെങ്കില്‍, എന്തോ കുഴപ്പമുണ്ട്, രോഗമുണ്ട്. ഇത് നിങ്ങളുടെ കാര്യമല്ലെന്ന് പറയുന്ന സംവിധാനം ശരിയല്ല.' അവര്‍ പറഞ്ഞു.

2024ല്‍ സൊഹ്‌റാന്‍ മംദാനിയുടെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി ഓഫീസില്‍ ഇന്റേണ്‍ ആയി ഹദീഖ മാലിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംദാനിയോടൊപ്പമുള്ള ചിത്രമാണ് ഹദീഖയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ ഉള്ളത്.

സിറ്റി കോളേജിലെ സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഇവര്‍. ഈ വര്‍ഷം ആദ്യം പലസ്തീന് പിന്തുണ പ്രഖ്യാപിച്ച റാലിയില്‍ ഇവര്‍ മുസ്ലിം നാമധാരികളായ പോലീസ് ഉദ്യോഗസ്ഥരെ പന്നികള്‍ എന്ന് അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. മംമാദാനി ഭീകരവാദിയാണെന്നും ഭ്രാന്തനായമാര്‍ക്‌സിസ്റ്റ് ആണെന്നും അത്തരമൊരാള്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് വരുന്നത് എതിര്‍ക്കപ്പെടേണ്ടതുണ്ട് എന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. മംദാനിയുടെ ജൂതവിരുദ്ധ നിലപാട് ട്രംപിന്റെ എതിര്‍പ്പിന് പ്രധാനകാരണമാണ്. മംദാനിയെ ഏതുവിധേനെയും പരാജയപ്പെടുത്താന്‍ ന്യൂയോര്‍ക്കിലെ സാമ്പത്തിക സമൂഹം ഫണ്ട് ശേഖരിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് മംദാനിക്ക് മേല്‍ ജിഹാദി ബന്ധം ആരോപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ വിവാദം സൃഷ്ടിക്കുന്നത്.

\'\'രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദ് ആണ്\'\'.,സൊഹ്‌റാന്‍ മംദാനിയെ കുരുക്കിലാക്കി മുന്‍ ഓഫിസ് ഇന്റേണിന്റെ വീഡിയോ