ന്യൂയോര്‍ക്ക്: കാമുകിയെ കാണാന്‍ യു എസിലെത്തി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നു ദിവസം അധികമായി താമസിച്ചതിന് പിന്നാലെ ജയിലിലായ ഐറിഷ് ടെക് ജീവനക്കാരന്‍ തന്റെ ദുരനുഭവം വിവരിച്ചത് ശ്രദ്ധേയമായി. യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ അദ്ദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു.
അയര്‍ലന്റില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ 35കാരനായ തോമസ് തന്റെ കാമുകിയെ കാണാനാണ് വെസ്റ്റ് വിര്‍ജീനിയയിലെത്തിയത്. ആദ്യമായിട്ടായിരുന്നില്ല അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചത്. വിനോദസഞ്ചാരികള്‍ക്ക് 90 ദിവസം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന വിസ പ്രോഗ്രാമിന് കീഴിലാണ് അദ്ദേഹം യാത്ര ചെയ്തത്.
ഡിസംബറില്‍ അദ്ദേഹം അയര്‍ലന്റിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. മൂന്ന് ദിവസം മാത്രമാണ് അദ്ദേഹം യു എസില്‍ അധികമായി താമസിച്ചത്. അതോടെയാണ് അദ്ദേഹം കസ്റ്റഡിയിലായത്.
മൂന്ന് കേന്ദ്രങ്ങളിലായാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തോമസിനെ തടഞ്ഞുവെച്ചത്. തന്നെ എന്തിനാണ് ജയിലില്‍ അടച്ചതെന്ന് തോമസിന് വ്യക്തതയുണ്ടായിരുന്നില്ല. ഏകദേശം നൂറു ദിവസമാണ് അദ്ദേഹം ജയിലില്‍ കിടന്നത്.
അയര്‍ലന്‍ഡില്‍ തിരിച്ചെത്തിയ ശേഷം ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ തോമസ് തന്റെ ദുരനുഭവങ്ങള്‍ വിവരിച്ചു.
അറസ്റ്റിലായപ്പോള്‍ നാടുകടത്തുമെന്ന അറിയിപ്പിന് അനുകൂലമായി തോമസ് പ്രതികരിച്ചെങ്കിലും അദ്ദേഹത്തെ അവര്‍ തടങ്കലില്‍ തന്നെ ഇടുകയായിരുന്നു.
തടങ്കലില്‍ കഴിയുമ്പോള്‍ താന്‍ ക്രൂരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതായി തോമസ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തടങ്കലില്‍ കൂടുതല്‍ പേരുണ്ടായതോടെ കുറ്റവാളിയല്ലാതിരുന്നിട്ടും തോമസിനെ ക്രിമിനല്‍ പ്രതികള്‍ക്കുള്ള ഫെഡറല്‍ ജയിലിലാണ് കസ്റ്റഡിയിലാക്കിയത്.
അയര്‍ലന്റിനെയും എംബസികളെയും ആഭ്യന്തര സുരക്ഷാ വകുപ്പിനെയും (ഡി എച്ച് എസ്) ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തോമസിന് അതൊന്നും സാധിച്ചില്ല. രണ്ട് മാസത്തെ തടങ്കലിനുശേഷം അധികാരികള്‍ തോമസിനെ മാറ്റുകയും തന്നെ വിടുകയാണെന്ന് അദ്ദേഹം കരുതുകയും ചെയ്തു. എ്‌നാല്‍ തോമസിനേയും മറ്റ് തടവുകാരെയും കൈത്തണ്ടയിലും അരയിലും കാലുകളിലും ചങ്ങലയിട്ട് നാല് മണിക്കൂര്‍ അറ്റ്‌ലാന്റയിലെ ഒരു ഫെഡറല്‍ കറക്ഷണല്‍ സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. യു എസ് ബ്യൂറോ ഓഫ് പ്രിസണ്‍സിന്റെ ജയിലിലേക്കായിരുന്നു കൊണ്ടുപോയത്. അവിടുത്തെ തടങ്കല്‍ നേരത്തെ അനുഭവിച്ചതിനേക്കാള്‍ മോശമായിരുന്നെന്നും തോമസ് സാക്ഷ്യപ്പെടുത്തുന്നു.
വൃത്തികെട്ട മെത്തകളും പാറ്റകളും എലികളും ഉള്ള മുറികളാണ് താമസിക്കാന്‍ നല്‍കിയതെന്നും തോമസ് പറയുന്നു.
തവിട്ട് കറകളുള്ള കീറിയതും ഉപയോഗിച്ചതുമായ അടിവസ്ത്രമാണ് ഉപയോഗിക്കാന്‍ നല്‍കിയത്. ചില ജമ്പ്സ്യൂട്ടുകളില്‍ രക്തക്കറകളും ദ്വാരങ്ങളും ഉണ്ടായിരുന്നു.
ലഭിച്ച ഭക്ഷണം 'വെറുപ്പുളവാക്കുന്ന മാലിന്യം' ആയിരുന്നു, അതില്‍ ചിലപ്പോഴൊക്കെ അസ്ഥികളുടെ കഷണങ്ങളുള്ളതായി തോന്നുന്ന ഒരുതരം മാംസവും ഉണ്ടായിരുന്നു. ശക്തമായ തണുപ്പായിരുന്നെങ്കിലും നേരിയ പുതപ്പ് മാത്രമാണ് ലഭിച്ചത്.
തങ്ങള്‍ എന്തിനാണ് അവിടെ എത്തിയതെന്ന് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും അവര്‍ മറ്റു തടവുകാരോട് പെരുമാറുന്ന അതേ രീതിയില്‍ തന്നെയാണ് തങ്ങളോട് പെരുമാറിയതെന്നും തോമസ് പറഞ്ഞു. മനുഷ്യരോട് പെരുമാറുന്നതു പോലെയല്ല തങ്ങളോട് പെരുമാറിയതെന്നും അദ്േദഹം പറഞ്ഞു.
മറ്റ് തടവുകാരോടൊപ്പം അദ്ദേഹം മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും പലതവണ നിഷേധിക്കപ്പെട്ടു. തടവുകാരില്‍ പലരും ഡോക്ടറെ കാണാന്‍ കരയുന്നത് താന്‍ കേള്‍ക്കാറുണ്ടെന്നും ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാല്‍ പോലും ജീവനക്കാര്‍ പരിഗണിക്കാറില്ലെന്നും തോമസ് പറഞ്ഞു.
പിന്നീട് മാര്‍ച്ചിലാണ് തോമസിനെ അയര്‍ലന്റിലേക്ക് തിരിച്ചയച്ചത്. മാത്രമല്ല 10 വര്‍ഷത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.