ജലന്ധര്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിംഗിന്റെ മരണത്തിന് ഉത്തരവാദിയായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
114കാരനായ ഫൗജ സിംഗിനെ ഇടിച്ചത് അമൃത്പാല്‍ സിംഗ് ധില്ലണ്‍ ഓടിച്ച അമിതവേഗതയില്‍ വന്ന എസ്യുവിയാണ്. ഗുരുതരമായ പരിക്കുകളോടെ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിന് കാരണമായ വെള്ള നിറത്തിലുള്ള എസ് യു വിയും പൊലീസ് കണ്ടെടുത്തു.
നൂറു വയസ്സിന് മുകളില്‍ പ്രായമുള്ളപ്പോള്‍ വിവിധ വിഭാഗങ്ങളില്‍ മാരത്തണ്‍ ഓടി റെക്കോര്‍ഡ് സൃഷ്ടിച്ച ഫൗജ സിംഗ് 89-ാം വയസ്സിലാണ് ഓടിത്തുടങ്ങിയത്. 2000നും 2013നും ഇടയില്‍ ഒമ്പത് ഫുള്‍ മാരത്തണുകളാണ് ഇദ്ദേഹം ഓടിയത്.
ജലന്ധര്‍ നഗരത്തിനടുത്തുള്ള ഫൗജ സിംഗിന്റെ ജന്മഗ്രാമമായ ബിയാസ് പിന്റിന് സമീപമാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം നടന്നത്.
26കാരനായ ഡ്രൈവര്‍ ഉടന്‍ തന്നെ സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2011-ല്‍ ടൊറന്റോയില്‍ 100 വയസ്സിനു മുകളിലുള്ള ആദ്യ ഫുള്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അദ്ദേഹം ഒളിമ്പിക് ദീപം വഹിച്ചിരുന്നു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അദ്ദേഹത്തെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരനായി അംഗീകരിച്ചട്ടില്ല. 1911ലായിരുന്നു ഫൗജ സിംഗ് ജനിച്ചത്.
സിങ്ങിന്റെ ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ജനനത്തീയതി 1911 ഏപ്രില്‍ 1 ആണെന്നും അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തില്‍ രാജ്ഞിയുടെ അഭിനന്ദന കത്ത് അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗിന്നസ് റെക്കോര്‍ഡ് നല്‍കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജനന വര്‍ഷത്തിലെ ഔദ്യോഗിക രേഖകള്‍ മാത്രമാണ് സ്വീകരിക്കുക എന്നതിനാല്‍ അത് നടക്കാതെ പോവുകയായിരുന്നു. ആ സമയത്ത് ഇന്ത്യയില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല.
ദുര്‍ബലമായ കാലുകളെ തുടര്‍ന്ന് പഞ്ചാബിലെ തന്റെ ഗ്രാമത്തില്‍ സിംഗ് പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. അഞ്ച് വയസ്സ് വരെ അദ്ദേഹത്തിന് ശരിയായി നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഒരിക്കല്‍ തന്റെ ബലഹീനതയുടെ പേരില്‍ പരിഹസിക്കപ്പെട്ട അതേ കുട്ടി ചരിത്രം സൃഷ്ടിച്ച എന്നാണ് അദ്ദേഹം ജൂണില്‍ ബിബിസി പഞ്ചാബിയോട് പറഞ്ഞത്.
സിംഗ് സ്‌കൂളില്‍ പോയിരുന്നില്ല. മാത്രമല്ല കായിക ഇനങ്ങളിലൊന്നും കളിച്ചിട്ടില്ല. കര്‍ഷകനായി ജോലി ചെയ്തു സിംഗ് ലോകമഹായുദ്ധ കാലത്തും ഇന്ത്യയുടെ പ്രക്ഷുബ്ധമായ വിഭജന കാലത്തും ജീവിച്ചിരുന്നു.
തന്റെ ചെറുപ്പത്തില്‍, 'മാരത്തണ്‍' എന്ന വാക്ക് ഉള്‌ലതുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.
1990കളുടെ തുടക്കത്തിലാണ്, ഭാര്യയുടെ മരണശേഷം സിംഗ് മൂത്ത മകനോടൊപ്പം ലണ്ടനിലേക്ക് താമസം മാറിയത്. നാട്ടില്‍ വന്ന കാലത്ത് ഇളയ മകന്‍ കുല്‍ദീപിന്റെ അപകട മരണം അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞിരുന്നു.
ദുഃഖിതനായി യു കെയില്‍ തിരിച്ചെത്തിയ സിംഗ് ഒരു ദിവസം, ഇല്‍ഫോര്‍ഡിലെ പ്രാദേശിക ഗുരുദ്വാരയിലേക്കുള്ള യാത്രയിലാണ് പതിവായി ഓടുന്ന ഒരു കൂട്ടം പ്രായമായ ആളുകളെ കണ്ടുമുട്ടിയത്. അവിടെ വെച്ചാണ് അദ്ദേഹം പിന്നീട് പരിശീലകനായി മാറിയ ഹര്‍മന്ദര്‍ സിങ്ങിനെയും കണ്ടുമുട്ടിയത്.
മുഹമ്മദ് അലിയെ പോലുള്ള ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ട 2004ലെ അഡിഡാസിന്റെ ഇംപോസിബിള്‍ ഈസ് നത്തിംഗ് പരസ്യ കാമ്പെയ്നിനായി സിംഗുമായി കരാറിലായതോടെയാണ് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായത്.