ടെൽഅവീവ്: ഗാസയിൽ ഇസ്രായേൽ സൈനിക മേൽനോട്ടത്തിൽ യു.എസ് സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുമാണ് മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഗാസയിലുടനീളം ഇസ്രായേൽ ബോംബിങ്ങിൽ 11 കുരുന്നുകളുൾപ്പെടെ 74 പേരുടെ മരണം വേറെയും സ്ഥിരീകരിച്ചിട്ടുണ്ട്. 252 പേർക്ക് പരിക്കുമുണ്ട്.
യു.എൻ ഉൾപ്പെടെ നടത്തിവന്ന ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി പകരം ഇസ്രായേൽ തുറന്ന കേന്ദ്രങ്ങളിൽ ഇതുവരെ 850ലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറെയും ഇസ്രായേൽ സൈനികരുടെ വെടിവെപ്പിലും ബോംബിങ്ങിലുമാണ് മരണം. വടക്കൻ ഗാസയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിൽ പകുതിയും കുട്ടികളാണ്. ഖാൻ യൂനുസിലെ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ഗാസയിൽ ഇസ്രായേൽ സൈനിക നീക്കം കൂടുതൽ എളുപ്പമാക്കാൻ ഒരു ഇടനാഴി കൂടി തുറന്നിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ സൈന്യം പൂർണമായി നിയന്ത്രിക്കുന്ന നാലാമത്തെ ഇടനാഴിയാണിത്. ഗാസയിൽ ഇതുവരെയായി 58,573 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഴിമതിക്കേസിൽ കോടതിയിൽ ഹാജരായി. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. ഈ കേസുകൾ പൂർണമായി ഒഴിവാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഭക്ഷ്യവിതരണ കേന്ദ്രത്തിൽ തിക്കിലും തിരക്കിലും 20 പലസ്തീനികൾ കൊല്ലപ്പെട്ടു
