ഓപ്പിയോയിഡ് കുത്തിവെച്ചതിനെ തുടര്‍ന്ന് രണ്ട് രോഗികളുടെ മരണം; കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍, കാത്തിരിക്കുന്നത് കടുത്തശിക്ഷ

ഓപ്പിയോയിഡ് കുത്തിവെച്ചതിനെ തുടര്‍ന്ന് രണ്ട് രോഗികളുടെ മരണം; കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍, കാത്തിരിക്കുന്നത് കടുത്തശിക്ഷ


വാഷിംഗ്ടണ്‍: അനുവദനീയമായതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ ഒപിയോയിഡ് കുത്തിവെച്ചതിനെ തുടര്‍ന്ന് യുഎസില്‍ രണ്ട് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റസമ്മതം നടത്തി. വെസ്റ്റ് വിര്‍ജീനിയയിലെ ക്ലിനിക്കില്‍ രണ്ട് രോഗികള്‍ മരിച്ച സംഭവത്തിലാണ് 57 കാരനായ ഡോക്ടര്‍ സഞ്ജയ് മേത്ത കുറ്റസമ്മതം നടത്തിയത്. ക്ലിനിക്കിലെ മൂന്ന് രോഗികള്‍ക്ക് മരുന്ന് നിര്‍ദേശിച്ചിരുന്നതായി മേത്ത സമ്മതിച്ചു. ഇവരില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

സഞ്ജയ് മേത്തയുടെ ശിക്ഷ ഒക്ടോബര്‍ 31ന് പ്രഖ്യാപിക്കും. മേത്തയ്ക്ക് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 750,000 ഡോളര്‍ പിഴയും (ഏകദേശം 6.2 കോടി രൂപ) ചുമത്തിയേക്കും.
2012 നവംബര്‍ മുതല്‍ 2013 ജൂലൈ വരെയും 2013 ഓഗസ്റ്റ് മുതല്‍ 2015 മെയ് വരെയും ബെക്ക്‌ലി ഹോപ്പ് ക്ലിനിക്കിലാണ് മേത്ത ജോലി ചെയ്തിരുന്നത്. ഒപിയോയിഡ് രോഗികള്‍ക്ക് നല്‍കിയതില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇത്തരം മരുന്നുകള്‍ നല്‍കുന്നതിന് അവശ്യമായ വ്യക്തത ഇല്ലായിരുന്നുവെന്നും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ സഞ്ജയ് മേത്ത സമ്മതിച്ചു. അമിത അളവിലാണ് രണ്ട് രോഗികളിലും ഓപിയോയിഡുകള്‍ ഉപയോഗിച്ചത്.

2012നും 2015നും ഇടയില്‍ വിര്‍ജീനിയയിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രോഗികള്‍ക്ക് ഒപിയോയിഡ് നിര്‍ദേശിച്ചത്. 2018ലാണ് ആദ്യമായി കേസ് നടപടികള്‍ നേരിട്ടതും ആദ്യ കുറ്റം ചുമത്തിയതും. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒപിയോയിഡ് രോഗികള്‍ക്ക് നല്‍കിയിരുന്നതായി കണ്ടെത്തി. ഇത്തരം മരുന്ന് നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് അനുഭവപരിചയവും ശരിയായ പരിശീലനവും ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. 

ക്‌ലിനിക്കില്‍ നിയമവിരുദ്ധമായ കുറിപ്പടികള്‍ ഡോക്ടര്‍ സഞ്ജയ് മേത്ത നല്‍കിയിരുന്നതായി വെസ്റ്റ് വിര്‍ജീനിയയിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2010 നവംബര്‍ മുതല്‍ 2015 ജൂണ്‍ വരെ പ്രതികള്‍ നിയമാനുസൃതമായ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ സമാനമായ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

മറ്റ് പ്രതികളായ ഫിസിഷ്യന്‍സ് ആന്‍ഡ് ഫാര്‍മസിസ്റ്റ്‌സ് ഫൈറ്റിങ് ഡൈവേര്‍ഷന്‍ (പിപിപിഎഫ്ഡി) ഉടമ  ഓപ്പറേറ്റര്‍ മാര്‍ക്ക് ടി റാഡ്ക്ലിഫ് (68), വിര്‍ജീനിയയിലെ കോവിങ്ടണില്‍ നിന്നുള്ള മൈക്കല്‍ ടി മോറന്‍ (എംഡി) (60) എന്നിവരെ 2025 ഒക്ടോബര്‍ ആറിന് വിചാരണയ്ക്കായി നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ അധികൃതര്‍ പറഞ്ഞു.


ഓപ്പിയോയിഡ് കുത്തിവെച്ചതിനെ തുടര്‍ന്ന് രണ്ട് രോഗികളുടെ മരണം; കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍, കാത്തിരിക്കുന്നത് കടുത്തശിക്ഷ