കടയില്‍ മോഷണം നടത്തിയ ഇന്ത്യന്‍ വനിതയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസി

കടയില്‍ മോഷണം നടത്തിയ ഇന്ത്യന്‍ വനിതയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസി


ന്യൂഡല്‍ഹി:  അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന മോഷണം, ആക്രമണം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ വിസ ഉടനടി റദ്ദാക്കുന്നതിനും ഭാവിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി വിസ ഉടമകള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി.

ഇല്ലിനോയിയിലെ ഒരു സ്‌റ്റോറില്‍ നിന്ന് ഏകദേശം 1,300 ഡോളര്‍ (ഏകദേശം 1.1 ലക്ഷം രൂപ ) വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം നടത്തിയ ഒരു ഇന്ത്യന്‍ സ്ത്രീ അടുത്തിടെ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

'യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ആക്രമണം, മോഷണം തുടങ്ങിയവ നടത്തുന്നത് നിങ്ങള്‍ക്ക് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല  അത് നിങ്ങളുടെ വിസ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും ഭാവിയിലെ യുഎസ് വിസകള്‍ക്ക് നിങ്ങളെ അയോഗ്യരാക്കുകയും ചെയ്യുമെന്ന് എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്ക നിയമവും ക്രമസമാധാനവും വിലമതിക്കുന്ന രാജ്യമാണെന്നും, വിദേശ സന്ദര്‍ശകര്‍ എല്ലാ യുഎസ് നിയമങ്ങളും പാലിക്കണമെന്നും എംബസി വ്യക്തമാക്കി.
ചെറിയ കുറ്റകൃത്യങ്ങള്‍ പോലും ദീര്‍ഘകാല കുടിയേറ്റ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് എംബസി ചൂണ്ടിക്കാട്ടി.

യുഎസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഒരു സ്‌റ്റോറില്‍ മോഷണം നടത്തിയതിന് സ്ത്രീ പിടിക്കപ്പെട്ടത്. ഇതിനെ വീഡിയോപ്രചരിക്കുന്നുണ്ട്.  പിടിക്കപ്പെട്ടപ്പോള്‍ സാധനങ്ങള്‍ക്ക് പണം നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് തന്നെ വിട്ടയയ്ക്കാന്‍ സ്ത്രീ പോലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

സാധനങ്ങളുമായി പുറത്തുകടക്കുന്നതിന് മുമ്പ് സ്ത്രീ നാല് മണിക്കൂറിലധികം വിവിധ സെക്ഷനുകള്‍ തോറും സാധനങ്ങള്‍ തിരഞ്ഞതായി ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

'എനിക്ക് ഒരു കുഴപ്പത്തിലും അകപ്പെടാന്‍ താല്‍പ്പര്യമില്ലെന്നും മുമ്പ് തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും സ്ത്രീ പറയുന്നത് വീഡിയോയില്‍കാണാം. സംഭവിച്ചതില്‍ ഖേദമുണ്ടെന്നും സാധനങ്ങളുടെ പണം  നല്‍കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് സ്ത്രീ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുകയും ചെയ്തു.

കടയില്‍ മോഷണം നടത്തിയ ഇന്ത്യന്‍ വനിതയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസി