ഹാമില്‍ട്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ മൂലം വ്യവസായം ബുദ്ധിമുട്ടിലായതിനാല്‍ കാനഡയിലേക്ക് വില കുറഞ്ഞതും വിദേശവുമായ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നത് കൂടുതല്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വാഗ്ദാനം ചെയ്തു.
യു എസ് 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷമുള്ള ആഴ്ചകളില്‍ ജീവനക്കാരെ പിരിച്ചുവിടുകയും ഉത്പാദന നിലവാരം കുറക്കുകയും ചെയ്ത വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ നിര്‍ദ്ദിഷ്ട നടപടികള്‍ മതിയാകുമോ എന്ന് വ്യക്തമല്ല.
മാസാവസാനത്തോടെ 'കനേഡിയന്‍ സ്റ്റീല്‍ ഉത്പപ്പാദകര്‍ക്ക് കനേഡിയന്‍ വിപണിയില്‍ വലിയൊരു പങ്ക് ഉറപ്പാക്കാനും കൂടുതല്‍ സ്ഥിരതയുള്ള വിതരണ ശൃംഖലകള്‍ സൃഷ്ടിക്കാനും കനേഡിയന്‍ ഉത്പാദനത്തിന് പുതിയ സ്വകാര്യ മൂലധനം തുറക്കാനും' പുതിയ താരിഫ് നിരക്ക് ക്വാട്ട സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം സര്‍ക്കാര്‍ ക്വാട്ട സിസ്റ്റത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് നിരക്കില്‍ ഒരു നിശ്ചിത തലത്തിലുള്ള ഉത്പന്നം കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
സ്വതന്ത്ര വ്യാപാര കരാറില്ലാത്ത പങ്കാളികളില്‍ നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങളുടെ താരിഫ് നിരക്ക് ക്വാട്ട ലെവല്‍ 2024 വോള്യങ്ങളുടെ 50 ശതമാനമായി കുറയ്ക്കും. ആ ലെവലുകള്‍ക്കപ്പുറമുള്ള ഏതൊരു ഇറക്കുമതിക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാര്‍ണി പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറുകളുള്ള യു എസ് ഇതര പങ്കാളികളില്‍ നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക, 2024 വോള്യങ്ങളുടെ 100 ശതമാനത്തില്‍ താരിഫ് നിരക്ക് ക്വാട്ട ലെവല്‍ ഏര്‍പ്പെടുത്തുമെന്നും ആ ലെവലുകള്‍ക്കു മുകളിലുള്ള അതേ 50 ശതമാനം താരിഫ് പ്രയോഗിക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ യു എസ് ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കാനഡ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്നും കാര്‍ണി പറഞ്ഞു.
കാനഡ- യു എസ്- മെക്‌സിക്കോ കരാറുമായി നിലവിലുള്ള ക്രമീകരണങ്ങള്‍ അതേപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
യു എസുമായുള്ള നിലവിലെ വ്യാപാര നടപടികളില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് കാര്‍ണി പ്രഖ്യാപിച്ചു. സമീപ വര്‍ഷങ്ങളില്‍ ആഗോള സ്റ്റീല്‍ വ്യവസായം അടിസ്ഥാനപരമായ ഒരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും വിപണി ഇതര നയങ്ങളില്‍ നിന്നും രീതികളില്‍ നിന്നും അന്യായമായി നേട്ടമുണ്ടാക്കുന്ന വിദേശ മത്സരം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതിന് കാരണമായെന്നും കാര്‍ണി ഒരു സ്റ്റീല്‍ നിര്‍മ്മാണ പ്ലാന്റില്‍ പറഞ്ഞു.
ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചില്‍ ട്രംപ് കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം മേഖലകളില്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ജൂണില്‍ അദ്ദേഹം താരിഫ് 50 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നാണ് കാനഡയിലെ സ്റ്റീല്‍ വ്യവസായം പറയുന്നത്.
ട്രംപ് ആദ്യമായി ലോഹ താരിഫ് ഏര്‍പ്പെടുത്തിയതിനുശേഷം സ്റ്റീല്‍ ഉത്പാദനത്തില്‍ 30 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് കനേഡിയന്‍ സ്റ്റീല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും സിഇഒയുമായ കാതറിന്‍ കോബ്ഡന്‍ പറഞ്ഞു.
തങ്ങള്‍ക്കിനി ശക്തമായ നിലയില്‍ നിലനില്‍ക്കാനാവില്ലെന്നും താഴേക്കാണ് പോകുന്നതെന്നും അവര്‍ പറഞ്ഞു.
ബാധിതരായ 10,000 സ്റ്റീല്‍ തൊഴിലാളികള്‍ക്ക് പരിശീലനവും വരുമാന പിന്തുണയും നല്‍കുന്നതിന് 70 മില്യണ്‍ ഡോളറും സ്റ്റീല്‍ കമ്പനികളെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതിന് സ്ട്രാറ്റജിക് ഇന്നൊവേഷന്‍ ഫണ്ട് വഴി 1 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ കനേഡിയന്‍ സ്റ്റീല്‍ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കാര്‍ണി പ്രഖ്യാപിച്ചു.
ദശലക്ഷക്കണക്കിന് വീടുകള്‍, തുറമുഖങ്ങള്‍, പാലങ്ങള്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ, പ്രതിരോധ ശേഷികള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ നിര്‍മ്മിക്കുന്നതിന് കാനഡയുടെ പുതിയ സര്‍ക്കാര്‍ കനേഡിയന്‍ സ്റ്റീലിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫെഡറല്‍ സര്‍ക്കാരുമായി കരാര്‍ ചെയ്യുന്ന കമ്പനികള്‍ സര്‍ക്കാര്‍ കരാറുകള്‍ക്കായി കനേഡിയന്‍ സ്റ്റീല്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന സംഭരണ പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് കാര്‍ണി പറഞ്ഞു.
അമേരിക്കയുമായുള്ള പുതിയ കരാറിന്റെ ഭാഗമായി കാനഡക്കാര്‍ ചില താരിഫുകള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കാര്‍ണിയുടെ പ്രഖ്യാപനം.
ട്രംപുമായി കരാര്‍ ഉറപ്പിക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പിനിടെ പ്രചാരണം നടത്തിയ കാര്‍ണി പാര്‍ലമെന്റ് ഹില്ലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപിന്റെ ഇതുവരെയുള്ള എല്ലാ വ്യാപാര കരാറുകളിലും ചില താരിഫുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.