സിറിയന്‍ ആര്‍മി ആസ്ഥാനത്ത് ഇസ്രായേല്‍ ബോംബാക്രമണം നടത്തി

സിറിയന്‍ ആര്‍മി ആസ്ഥാനത്ത് ഇസ്രായേല്‍ ബോംബാക്രമണം നടത്തി


ഡമാസ്‌ക്കസ്: സിറിയന്‍ ആര്‍മി ആസ്ഥാനത്ത് ബോംബാക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. സിറിയയുടെ തലസ്ഥാനത്ത് ഒരു സ്‌ഫോടന ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെയാണ് ഐഡിഎഫ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇത് പ്രഖ്യാപിച്ചത്.

പ്രദേശത്ത് ആക്രമണം നടത്തുകയാണെന്നും വിവിധ സാഹചര്യങ്ങള്‍ക്കായി തയ്യാറാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

തെക്കന്‍ സിറിയയിലെ ദുറൂസ്  സിവിലിയന്മാര്‍ക്കെതിരായ സംഭവവികാസങ്ങളും ഭരണകൂടത്തിന്റെ നടപടികളും ഐഡിഎഫ് തുടര്‍ന്നും നിരീക്ഷിച്ചുവരികയാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. 

നേരത്തെ, ഇസ്രായേലി ഡ്രോണുകള്‍ ഡമാസ്‌കസിനെ ലക്ഷ്യം വച്ചിരുന്നു. ഇത് സാധാരണക്കാരുടെ മരണത്തിലേക്ക് നയിച്ചുവെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചെങ്കിലും സുവൈദയില്‍ സായുധ ഗ്രൂപ്പുകളും സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം പുന:രാരംഭിച്ചതിന് ശേഷമാണ് ആക്രമണമുണ്ടായത്.

തെക്കന്‍ സിറിയയിലെ സുവൈദ പ്രവിശ്യയില്‍ നിന്ന് സിറിയന്‍ സേന പിന്മാറിയില്ലെങ്കില്‍ ഐഡിഎഫ് ആക്രമണം തുടരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സിറിയയുമായുള്ള അതിര്‍ത്തിയിലെ സുരക്ഷാ വേലിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് പോരാട്ടം രൂക്ഷമായി. ദുറൂസ് ഭൂരിപക്ഷ നഗരമായ സുവൈദയില്‍ നിന്ന് സര്‍ക്കാര്‍ സേന പിന്മാറിയില്ലെങ്കില്‍ സൈന്യം സിറിയയെ ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.