ജക്കാര്‍ത്ത: യു എസുമായി വ്യാപാര കരാറുകളിലെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ 'അസാധാരണ പോരാട്ട'മായിരുന്നു എന്നാണ് ഇന്തോനേഷ്യ വ്യാപാര കരാറിലെത്താനുള്ള നീക്കങ്ങളെ വിശേഷിപ്പിച്ചത്.
യു എസിന് കൂടുതല്‍ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ഇന്തോനേഷ്യ വ്യക്തമാക്കി.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കരാറില്‍ എത്തിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തു നിന്നുള്ള കയറ്റുമതിയുടെ യു എസ് താരിഫ് നിരക്കുകള്‍ 32 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറയ്ക്കാന്‍ ചര്‍ച്ചകളിലൂടെ സാധിച്ചു. ഓഗസ്റ്റ് 1ലെ ചര്‍ച്ചകള്‍ക്കുള്ള സമയപരിധിക്ക് മുമ്പ് ട്രംപ് ഭരണകൂടവുമായി ഇതുവരെ അന്തിമമാക്കിയ ചുരുക്കം ചില കരാറുകളില്‍ ഒന്നാണിത്.
'സാമ്പത്തികകാര്യ ഏകോപന മന്ത്രിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ചര്‍ച്ചാ സംഘത്തിന്റെ അസാധാരണമായ പോരാട്ടമാണിത്,' ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ഹസന്‍ നസ്ബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രബോവോ ട്രംപുമായി നേരിട്ട് ടെലിഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
വ്യാപാര ചര്‍ച്ചകളില്‍ യു എസിന്റെ താത്പര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പിന്നീട് പറഞ്ഞു. കരാറിലെത്തിയതിനുശേഷവും ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ രണ്ട് മഹത്തായ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര നേട്ടത്തിന്റെ പുതിയ യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ഇരുപക്ഷവും സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തുവെന്ന് പ്രസിഡന്റ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ എഴുതി.
ഏപ്രിലില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ട്രംപ് 32 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. യു എസുമായി കരാര്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ക്ക് ഓഗസ്റ്റ് 1 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്.
എല്ലാവര്‍ക്കും മികച്ച കരാറുകളാണെന്നും ഇന്തോനേഷ്യയുമായി കരാറുണ്ടാക്കിയതായും പ്രസിഡന്റുമായി താന്‍ നേരിട്ട് ഇടപെട്ടുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്നു മാസത്തിനുള്ളില്‍ പ്രഖ്യാപിച്ച നാലാമത്തെ കരാറാണ് യു എസും ഇന്തോനേഷ്യയും തമ്മിലുള്ളത്. ഈ മാസം ആദ്യം വിയറ്റ്‌നാമുമായും കരാറുണ്ടാക്കിയതായി ട്രംപ് പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങള്‍ പങ്കുവെച്ചില്ല.
അമേരിക്കയുമായി വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുകയാണെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു.