കറാച്ചി: താന്‍ പുതിയ പാര്‍ട്ടി ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് സ്ഥാപകന്‍ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹാം ഖാന്‍. 'പാകിസ്ഥാന്‍ റിപ്പബ്ലിക് പാര്‍ട്ടി' എന്നാണ് റെഹാം ഖാന്‍ തന്റെ പാര്‍ട്ടിക്ക് പേര് നല്‍കിയത്. പത്രപ്രവര്‍ത്തക കൂടിയായ റെഹാം ഖാന്‍ പുതിയ പാര്‍ട്ടിയുമായി ഔപചാരികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.
തന്റെ പാര്‍ട്ടി ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും ഭരണവര്‍ഗത്തെ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുമെന്നും കറാച്ചി പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രഖ്യാപനത്തില്‍ റെഹാം ഖാന്‍ പറഞ്ഞു.
താന്‍ മുമ്പൊരിക്കലും രാഷ്ട്രീയ സ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഒരു വ്യക്തിക്കു വേണ്ടി ഒരിക്കലൊരു പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുവെന്നും ഇമ്രാന്‍ഖാന്റെ പേര് പരാമര്‍ശിക്കാതെ റെഹാം ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ രാഷ്ട്രീയത്തോട് നിലവില്‍ രൂക്ഷമായി വരുന്ന അതൃപ്തിക്ക് മറുപടിയായാണ് താന്‍ പാര്‍ട്ടി ആരംഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റേത് വെറുമൊരു പാര്‍ട്ടിയല്ലെന്നും രാഷ്ട്രീയത്തെ സേവനമാക്കി മാറ്റാനുള്ള പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു.
കറാച്ചി പ്രസ് ക്ലബ്ബില്‍ നിന്ന് തന്റെ എല്ലാ പ്രഖ്യാപനങ്ങളും നടത്തുമെന്നും ദുഷ്‌കരമായ സമയങ്ങളില്‍ ഈ സ്ഥലമാണ് തന്നെ പിന്തുണച്ചതെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
പാകിസ്ഥാനില്‍ ഇപ്പോഴും ശുദ്ധമായ കുടിവെള്ളവും അടിസ്ഥാന ആരോഗ്യ സംരക്ഷണവും ഇല്ലെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ പറഞ്ഞു. ഇത്തരം അവസ്ഥകള്‍ ഇനി സ്വീകാര്യമല്ലെന്നും അവര്‍ പറഞ്ഞു.
മറ്റ് രാഷ്ട്രീയക്കാരെ പോലെ ആകരുതെന്ന് ഒരു കുട്ടി തന്നെ ഉപദേശിച്ച നിമിഷവും അവര്‍ പങ്കുവെച്ചു. എല്ലാ പ്രവിശ്യകളിലും അവഗണിക്കപ്പെട്ട എല്ലാ പ്രദേശങ്ങളെയും പ്രതിനിധീകരിക്കാനും അവയുടെ ശബ്ദമായി മാറാനും തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് ഖാന്‍ ഉറപ്പിച്ചു പറഞ്ഞു.
പഴയ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് തന്റെ പാര്‍ട്ടി 'വ്യക്തിപരമായ സാമ്രാജ്യങ്ങളെ സേവിക്കാന്‍' ഇവിടെയില്ലെന്ന് അവര്‍ പറഞ്ഞു.
തന്റെ പാര്‍ട്ടിയിലെ ആരും ഒരേസമയം നാല് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കില്ലെന്നും രാഷ്ട്രീയ കളികള്‍ കളിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും പറഞ്ഞ ഖാന്‍ പാര്‍ലമെന്റ് ജനങ്ങളെ പ്രതിഫലിപ്പിക്കണമെന്നും ഓരോ വിഭാഗത്തെയും യഥാര്‍ഥത്തില്‍ ആ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പ്രതിനിധീകരിക്കണമെന്നും അവര്‍ പറഞ്ഞു.
പാകിസ്താന്‍ മുഴുവന്‍ തന്റെ മണ്ഡലമാണെന്നും നിലവിലെ സര്‍ക്കാരിന്റെ ഭരണ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് അവര്‍ ഊന്നിപ്പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തന്റെ പാര്‍ട്ടിയുടെ പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്ന് ഖാന്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ 'എല്ലാ വലിയ രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാനാണ്' താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയത്.
പിന്നീട്, എക്‌സിലെ ഒരു പോസ്റ്റില്‍, 'ഇത് നിങ്ങള്‍ക്കുള്ളതാണ്. നമ്മുടെ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ ചേരൂ. നമുക്ക് നമ്മുടെ തലകള്‍ ഒരുമിച്ച് ചേര്‍ത്ത് നമ്മുടെ ഭാവി ഒരുമിച്ച് ആസൂത്രണം ചെയ്യാം' എന്ന് റെഹാം എഴുതി.