ന്യൂഡല്‍ഹി: ടൊറന്റോയില്‍ രഥയാത്രാ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ മുട്ടയേറിനെ ഇന്ത്യ ശക്തമായി അപലപിച്ചു, ഈ പ്രവൃത്തിയെ 'ഖേദകരം' എന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കനേഡിയന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
ടൊറന്റോയിലെ രഥയാത്രാ ഘോഷയാത്രയ്ക്കിടെയുണ്ടായ നിന്ദ്യമായ പ്രവൃത്തികള്‍ ഖേദകരമാണെന്നും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന ഉത്സവത്തിന്റെ ആത്മാവിന് എതിരാണെന്നും സംഭവത്തെക്കുറിച്ച് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യ ഔദ്യോഗികമായി കനേഡിയന്‍ സര്‍ക്കാരിനോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കനേഡിയന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.