ആല്‍ബെര്‍ട്ട: ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ അന്താരാഷ്ട്ര വ്യാപ്തിയും കാനഡയിലെ അപകടകരമായ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി അവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും പ്രവിശ്യയിലെ പൊതുസുരക്ഷാ, അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസും ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംയുക്ത പ്രസ്താവനയിലാണ് സ്മിത്തും എല്ലിസും കാനഡയില്‍ ഉള്‍പ്പെടെ നിരവധി അക്രമ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ ബിഷ്ണോയി സംഘം 'അന്തര്‍ദേശീയ ക്രിമിനല്‍ ശൃംഖല'യാണെന്ന് പറഞ്ഞത്. കൊള്ള, കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെ ബിഷ്‌ണോയി സംഘം നത്തുന്നുണ്ടെന്നും ഇതിന്റെ വ്യാപ്തി ആഗോളതലത്തിലാണെന്നും ഉദ്ദേശ്യം കുറ്റകരവും അക്രമാസക്തവുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ ആസ്ഥാനമായുള്ള ലോറന്‍സ് ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോട് ബ്രിട്ടീഷ് കൊളംബിയയും ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി സംഘത്തിന്റെ കൊള്ളയടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ നിയമപാലകര്‍ക്ക് ശക്തമായ ഉപകരണങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് പ്രസ്താവിച്ചിരുന്നു.
ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ എന്നിവിടങ്ങളിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കെതിരായ കൊള്ളയടിക്കലുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ പറഞ്ഞതായി ദി കനേഡിയന്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘത്തിനെതിരെ ഫെഡറല്‍ നടപടിയെടുക്കണമെന്ന ബ്രിട്ടീഷ് കൊളംബിയ പ്രീമിയറിന്റെ ആഹ്വാനത്തെ സ്മിത്തും എല്ലിസും പ്രസ്താവനയില്‍ പിന്തുണച്ചു.
ഈ ശൃംഖല തകര്‍ക്കാനും കനേഡിയന്‍മാരെ സുരക്ഷിതരാക്കാനും ഫെഡറല്‍ സര്‍ക്കാര്‍ ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ബിഷ്ണോയ് സംഘത്തെ തീവ്രവാദ പ്രസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് നിര്‍ണായക അധികാരങ്ങള്‍ നല്‍കുമെന്നും പ്രവിശ്യാ, മുനിസിപ്പല്‍ തലത്തിലുള്ള നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇടപെടാനും ജനങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും വിഭവങ്ങളും ആക്സസ് ചെയ്യാന്‍ അനുവദിക്കുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഭീകര സംഘടനകളും സംഘങ്ങളും അക്രമാസക്തരായ കുറ്റവാളികളും ആല്‍ബെര്‍ട്ടയിലെ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്നതില്‍ നിന്നും ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു.
ആല്‍ബെര്‍ട്ടയിലും കാനഡയിലുടനീളമുള്ള ദക്ഷിണേഷ്യന്‍ സമൂഹങ്ങളെ ബിഷ്‌ണോയ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ഭീഷണികളും ലക്ഷ്യം വയ്ക്കുകയും ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍ സിഎം പി) ടാസ്‌ക് ഫോഴ്സ് ഇതിനകം തന്നെ കൊള്ളയടിക്കല്‍ ഭീഷണികളെ നേരിടുന്നതില്‍ സജീവമാണെങ്കിലും പരമ്പരാഗത പൊലീസിംഗ് രീതികള്‍ ഈ പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ലെന്നും ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ചൂണ്ടിക്കാട്ടി.
രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളോട് പ്രതികരിക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമാണെന്നും പരമ്പരാഗത കുറ്റകൃത്യത്തേക്കാള്‍ ഭീകരതയുടെ സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ജയിലിലടയ്ക്കപ്പെട്ട ഗുണ്ടാനേതാവിന്റെ പേരിലുള്ള ലോറന്‍സ് ബിഷ്ണോയി സംഘം, ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും നേരെയുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉന്നത ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദേശ കുറ്റവാളികള്‍ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ റിപ്പോര്‍ട്ട് പറയുന്നു.
പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാനേതാവ് ബിഷ്ണോയി നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ്.
ബിഷ്ണോയി സംഘത്തിനെതിരായ പ്രവിശ്യയുടെ ആഹ്വാനത്തെ എഡ്മണ്‍ഡണ്‍ പൊലീസ് പിന്തുണച്ചു. ആല്‍ബര്‍ട്ടയുടെ തലസ്ഥാന നഗരമായ എഡ്മന്‍ഡണിലെ ഇടക്കാല പൊലീസ് മേധാവി ഡെവിന്‍ ലാഫോഴ്സ് ആല്‍ബര്‍ട്ടയുടെ നീക്കത്തിന് പിന്തുണ അറിയിച്ചു.