ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി


ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് നാണംകെട്ട തോല്‍വി. 176 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഓസീസ് സംഘം വിജയിച്ചത്. മൂന്നാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് വെറും 27 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ വിജയിച്ചു. സ്‌കോര്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 225, വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 143. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 121, വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 27.

നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. 22 റണ്‍സെടുക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റുകള്‍ കൂടി ഓസീസ് സംഘത്തിന് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫ് അഞ്ച് വിക്കറ്റുകളും ഷമര്‍ ജോസഫ് നാല് വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയലക്ഷ്യം 204 റണ്‍സായിരുന്നു. എന്നാല്‍ വിന്‍ഡീസിനായി 11 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സിന് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ഏഴ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ വെസ്റ്റ് ഇന്‍ഡ!ീസ് പുറത്തായത്.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. 7.3 ഓവര്‍ എറിഞ്ഞ് നാല് മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാര്‍കിന്റെ ആറ് വിക്കറ്റ് നേട്ടം. സ്‌കോട്ട് ബോലണ്ട് ഹാട്രിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 225 റണ്‍സെടുത്തിരുന്നു. സ്റ്റീവ് സ്മിത്ത് 48 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 46 റണ്‍സും നേടി. നാല് വിക്കറ്റെടുത്ത ഷമര്‍ ജോസഫാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 143 റണ്‍സിന് എല്ലാവരും പുറത്തായി. 36 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്‍ ആണ് ടോപ് സ്‌കോറര്‍. സ്‌കോട്ട് ബോലണ്ട് ഓസീസിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.