എം പിമാരുടെ വ്യാജ ഒപ്പുവെച്ച് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മലയാളിയുടെ നാമനിര്‍ദ്ദേശ പത്രിക

എം പിമാരുടെ വ്യാജ ഒപ്പുവെച്ച് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മലയാളിയുടെ നാമനിര്‍ദ്ദേശ പത്രിക


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തില്‍ വ്യാജ ഒപ്പുകള്‍ കണ്ടെത്തി. കേരളത്തില്‍ നിന്നുള്ള ജോമോന്‍ ജോസഫിന്റെ നാമനിര്‍ദ്ദേശ പത്രികയിലാണ് എം പിമാരുടെ പേരുകളും ഒപ്പും വ്യാജമായി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ നാമനിര്‍ദ്ദേശ പത്രിക തള്ളി. തുടര്‍ നടപടികള്‍ ഉണ്ടായേക്കും. 

ജോമോന്‍ ജോസഫിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ 22 നിര്‍ദ്ദേശകരുടെയും പിന്തുണയ്ക്കുന്നവരുടെ 22 പേരുകളും ഒപ്പുകളും ഉണ്ടായിരുന്നു,ഇവരെല്ലാം  ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ്. ബന്ധപ്പെട്ട എം പിമാരുടെ അറിവില്ലാതെ പേരുകളും ഒപ്പും എഴുതിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ജോമോന്‍ ജോസഫിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്ന് എം പിമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജയിലിലുള്ള വൈഎസ്ആര്‍സിപി എം പി മിഥുന്‍ റെഡ്ഡിയുടെ ഒപ്പ് പോലും പത്രികയിലുണ്ട്. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയായ ഓഗസ്റ്റ് 21 വരെ 46 സ്ഥാനാര്‍ഥികള്‍ 68 പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 19 സ്ഥാനാര്‍ഥികളുടെ 28 നാമനിര്‍ദ്ദേശ പത്രികകള്‍ പ്രാരംഭ ഘട്ടത്തില്‍ നിരസിക്കപ്പെട്ടു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സി പി രാധാകൃഷ്ണനും ബി സുദര്‍ശന്‍ റെഡ്ഡിയും ഒഴികെ 25 സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ തള്ളി. ഇരു സ്ഥാനാര്‍ഥികളും നാല് നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിച്ചത്.