ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് പൊതു പ്രകടന പത്രിക ആയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് പൊതു പ്രകടന പത്രിക ആയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി


അരാറിയ: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് പൊതു പ്രകടന പത്രിക ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സഖ്യത്തിലെ എല്ലാ കക്ഷികളും ഒരുമിച്ച് പോരാടുമെന്നും അരാറിയയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും എല്ലാ കക്ഷികളും ഒന്നിച്ച് നില്‍ക്കും. അത് കൊണ്ട് തന്നെ അതിന്റെ ഫലം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാവരും നല്ല പങ്കാളിത്തത്തിലാണ്. അത് കൊണ്ട് തന്നെ ആശങ്കകളേതുമില്ല. തങ്ങള്‍ പരസ്പരം ആദരിക്കുന്നു. വോട്ട് മോഷണം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നിലവില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ വോട്ട് മോഷ്ടിച്ച് ബിജെപിയെ സഹായിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ വ്യവസ്ഥാപിത ശ്രമമാണെന്നും രാഹുല്‍ ആരോപിച്ചു. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് ഗുണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 

വോട്ട് അധികാര്‍ യാത്രയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ ആഞ്ഞടിച്ചത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങളെല്ലാം ഇല്ലാതാക്കിയിരിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സംരംഭങ്ങളും സ്വകാര്യവത്ക്കരിച്ചിരിക്കുന്നുവെന്നും ഇതോടെ തൊഴിലവസരങ്ങളെല്ലാം നഷ്ടമായിരിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യാവസരം വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണ്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ബിഹാറിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കും.
ഈ മാസം പതിനേഴിനാണ് വോട്ട് അധികാര്‍ യാത്ര തുടങ്ങിയത്. സസാരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. പതിനാറ് ദിവസം കൊണ്ട് ഇരുപത് ജില്ലകളിലൂടെ യാത്ര കടന്ന് പോകും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് യാത്ര അവസാനിക്കുന്നത്.