സ്വാതന്ത്ര്യ ദിനത്തില്‍ യുക്രെയ്ന്‍ റഷ്യന്‍ കേന്ദ്രങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തി

സ്വാതന്ത്ര്യ ദിനത്തില്‍ യുക്രെയ്ന്‍ റഷ്യന്‍ കേന്ദ്രങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തി


മോസ്‌കോ: യുക്രെയ്ന്‍ നിരവധി കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണ പരമ്പര നടത്തിയതായി റഷ്യ ആരോപിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിന് സമീപം ഒരു ഡ്രോണ്‍ പൊട്ടിത്തെറിക്കുകയും ട്രാന്‍സ്‌ഫോര്‍മറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി  അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ എ ഇ എ) പറഞ്ഞു. 'എല്ലാ ആണവ കേന്ദ്രങ്ങളും എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണം' എന്ന് ഊന്നിപ്പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് സമീപം യുദ്ധം ഒഴിവാക്കണമെന്ന് യു എന്‍ ഏജന്‍സി മോസ്‌കോയോടും കീവിനോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

മറ്റൊരു ഡ്രോണ്‍ ആക്രമണത്തിന് ശേഷം ഉസ്റ്റ്-ലുഗ ഇന്ധന കയറ്റുമതി ടെര്‍മിനലില്‍ വന്‍ തീപിടുത്തമുണ്ടായതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ സ്ഥലം. സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രെയ്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച അതേ ദിവസം ഓഗസ്റ്റ് 24ന് ഒരു ഡസനിലധികം പ്രദേശങ്ങളിലായി കുറഞ്ഞത് 95 ഡ്രോണുകളെങ്കിലും തടഞ്ഞതായി മോസ്‌കോയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണങ്ങളെക്കുറിച്ച് കീവ് പരസ്യമായി പ്രതികരിച്ചിട്ടില്ല.

സ്വാതന്ത്ര്യ ദിനത്തില്‍ തങ്ങള്‍ക്ക് നീതിപൂര്‍വകമായ സമാധാനം ആവശ്യമാണെന്നും തങ്ങളുടെ ഭാവി തങ്ങള്‍ മാത്രം തീരുമാനിക്കുന്ന സമാധാനമാണതെന്ന് യുക്രെയന്‍ സ്വാതന്ത്ര്യ ദിനത്തില്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യ സുമി പ്രദേശം പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കുര്‍സ്‌ക് മേഖലയില്‍ തങ്ങളുടെ സായുധ സേന പ്രത്യക്ഷപ്പെടുന്നുവെന്നും വെളിച്ചവും ചൂടും ഇല്ലാതെ തങ്ങളെ വിടാന്‍ ആഗ്രഹിക്കുന്ന ശത്രു തങ്ങളുടെ ഊര്‍ജ്ജ സംവിധാനത്തെ ആക്രമിക്കുമ്പോള്‍ അതിന്റെ എണ്ണ ശുദ്ധീകരണശാലകള്‍ കത്തിനശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

യുക്രെയ്നിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സെലെന്‍സ്‌കിയെ കാണാന്‍ കീവില്‍ എത്തി. യു എസ് പ്രതിനിധി കീത്ത് കെല്ലോഗും ആഘോഷങ്ങളില്‍ പങ്കെടുത്തു. ചാള്‍സ് രാജാവ് യുക്രെയ്‌നിയക്കാര്‍ക്ക് തന്റെ ഊഷ്മളവും ആത്മാര്‍ത്ഥവുമായ ആശംസകള്‍'നല്‍കി കത്ത് അയച്ചു. അവരുടെ ''തകര്‍ക്കാനാവാത്ത ആത്മാവിനെ'' പ്രശംസിച്ചു. യുദ്ധസമയത്ത് രാജാവിന്റെ വാക്കുകള്‍ 'യഥാര്‍ഥ പ്രചോദനം' ആയിരുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.

ഡൊനെറ്റ്‌സ്‌കില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചതായി റഷ്യ അവകാശപ്പെടുന്നു.

കിഴക്കന്‍ യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ രണ്ട് ഗ്രാമങ്ങള്‍ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി മോസ്‌കോ പറഞ്ഞു. റഷ്യന്‍ സൈന്യം മന്ദഗതിയിലുള്ളതും ചെലവേറിയതുമായ മുന്നേറ്റങ്ങള്‍ നടത്തുകയും യുക്രെയ്‌നിയന്‍ പ്രദേശത്തിന്റെ ഏകദേശം 20 ശതമാനം കൈവശം വെക്കുകയും ചെയ്യുന്നു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച പൂര്‍ണ്ണ തോതിലുള്ള അധിനിവേശം, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ സംഘര്‍ഷമായി തുടരുന്നു.