കീവ്: റഷ്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍ സ്വന്തം ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്നും അമേരിക്കയുമായി ഇക്കാര്യതതില്‍ കൂടിയാലേചനകള്‍ നടത്തുന്നില്ലെന്നും പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വാഷിംഗ്ടണുമായി തങ്ങളുടെ നീക്കങ്ങള്‍ക്ക് ബന്ധമില്ലെന്ന് അദ്ദേഹം അറിയിച്ചത്. വാഷിംഗ്ടണില്‍ നിന്നുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സെലെന്‍സ്‌കി തള്ളിക്കളഞ്ഞു.
റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങള്‍ക്കെതിരെ യുക്രെയ്ന്‍ യു എസ് നല്‍കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അനുമതി ആവശ്യപ്പെടാറുള്ളതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് സെലെന്‍സ്‌കി ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചത്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് കീവിന് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യു എസ് ഉദ്യോഗസ്ഥനെ വാള്‍ സ്ട്രീറ്റ് ജേണല്‍ ഉദ്ധരിച്ചിരുന്നു.
റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ യുക്രെയ്നിന് 'വിജയിക്കാന്‍ സാധിക്കില്ല' എന്ന് ഓഗസ്റ്റ് 21ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'സ്വയം പ്രതിരോധിക്കാന്‍ മാത്രമായി' കീവിന്റെ സാധ്യതകള്‍ പരിമിതപ്പെടുത്തിയതായി ജോ ബൈഡനെതിരെ ട്രംപ് ആരോപണം ഉന്നയിച്ചു. അതേസമയം, യു എസ് ആയുധങ്ങള്‍ ഉപയോഗിച്ച് അത്തരം ആക്രമണങ്ങള്‍ അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ മുന്‍ നീക്കത്തെ താന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
സ്വന്തം ദീര്‍ഘദൂര ക്രൂയിസ് മിസൈലായ ഫ്‌ളമിംഗോയുടെ വലിയ തോതിലുള്ള നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചു. ഈ ആയുധം പരീക്ഷണങ്ങളില്‍ വിജയിച്ചുവെന്നും യുക്രെയ്ന്‍ ഇതുവരെ വികസിപ്പിച്ചെടുത്ത 'ഏറ്റവും വിജയകരമായ' മിസൈലാണെന്നും മൂവായിരം കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി, ഫെബ്രുവരി മാസങ്ങളിലോ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കണമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ ആയുധങ്ങളെ ആശ്രയിക്കാതെ റഷ്യയ്ക്കുള്ളിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ ആക്രമിക്കാനുള്ള യുക്രെയ്നിന്റെ കഴിവ് പുതിയ മിസൈല്‍ ശേഷി വര്‍ധിപ്പിക്കും.