വാഷിംഗ്ടണ്‍: ഇന്റലിന്റെ 10 ശതമാനം ഓഹരികള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സര്‍ക്കാര്‍ ഏറ്റെടുത്തു,
'അമേരിക്കയ്ക്കും ഇന്റലിനും ഒരു മികച്ച പങ്കാളിത്തം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച കരാര്‍ പ്രഖ്യാപിച്ചത്.
രേഖകളും പ്രസ്താവനകളും അനുസരിച്ച്, സിലിക്കണ്‍ വാലിയിലെ ചിപ്പ് നിര്‍മ്മാതാവിന്റെ 433.3 ദശലക്ഷം ഓഹരികളാണ് 20.47 ഡോളര്‍ നിരക്കില്‍ യുഎസ് സര്‍ക്കാര്‍ വാങ്ങുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയായ 24.80 ഡോളറിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ഓഹരി ഏറ്റെടുക്കല്‍.
രേഖകള്‍ പ്രകാരം സര്‍ക്കാര്‍ ആരംഭിക്കുന്നത് 1.9 ബില്യണ്‍ ഡോളറിന്റെ നേട്ടത്തോടെയാണെന്ന് വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.
8.9 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി വാങ്ങലിന് മുമ്പ് വാഗ്ദാനം ചെയ്ത ചിപ്‌സ് ആക്റ്റ് ഗ്രാന്റുകള്‍ വഴിയും സെക്യുര്‍ എന്‍ക്ലേവ് പ്രോഗ്രാമില്‍ നിന്നുള്ള 3.2 ബില്യണ്‍ ഡോളര്‍ കൂടി ചേര്‍ത്തുമാണ് ധനസഹായം നല്‍കുന്നത്. മുമ്പത്തെ പേയ്‌മെന്റുകള്‍ക്കൊപ്പം ചേര്‍ക്കുമ്പോള്‍, മൊത്തം സര്‍ക്കാര്‍ ബാധ്യത 11.1 ബില്യണ്‍ ഡോളര്‍ ആയി ഉയരും.
ഈ ഓഹരി യുഎസിനെ ഇന്റലിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാക്കി മാറ്റുന്നുണ്ടെങ്കിലും, വോട്ടവകാശമോ ബോര്‍ഡ് പ്രാതിനിധ്യമോ ഇല്ലെന്ന് ഇന്റല്‍ സ്വന്തം പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഓഹരി ഏറ്റെടുക്കല്‍ നീക്കത്തെ സ്വാഗതം ചെയ്ത കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ലിപ്ബു ടാന്‍ , ഇന്റല്‍ 'ലോകത്തിലെ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന് ഉറപ്പാക്കാന്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
'പ്രസിഡന്റും ഭരണകൂടവും ഇന്റലില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്, കൂടാതെ യുഎസ് സാങ്കേതികവിദ്യയും നിര്‍മ്മാണ നേതൃത്വവും മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവേഗ നടപടികളിലൂടെയാണ് കരാര്‍ പൂര്‍ണമായത്. ചൈനീസ് സ്ഥാപനങ്ങളിലെ ഇന്റലിന്റെ മുന്‍കാല നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ടാനിനോട് രാജിവയ്ക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലേഷ്യന്‍ വംശജനായ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ യുഎസിനോടുള്ള വിശ്വസ്തത വാഗ്ദാനം ചെയ്യുകയും വൈറ്റ് ഹൗസില്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനുശേഷമാണ് ട്രംപ് മാറി ചിന്തിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് പകുതിയോടെ, ട്രംപ് ഇന്റലിനെ അതിന്റെ പത്തിലൊന്ന് ഓഹരി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഘട്ടത്തിലേക്ക് ചര്‍ച്ചകള്‍ പുരോഗമിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ഈ കരാറിനെ 'ചരിത്രപരം' എന്ന് പ്രശംസിച്ചു.
പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്റല്‍ ഓഹരികള്‍ ആറ് ശതമാനത്തിലധികം ഉയര്‍ന്നു.
എന്നാല്‍, വിമര്‍ശകര്‍ ആശങ്കാകുലരാണ്. സര്‍ക്കാരിന്റെ പിന്തുണയോടെ സ്വകാര്യ വ്യാവസായിക വിപണിയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു നയത്തിന്റെ പുതിയ യുഗത്തിന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ നീക്കം. ഓഹരി സര്‍ക്കാരിനും സ്വന്തമാകുന്നതോടെ ഇന്റല്‍ ഇനി പൂര്‍ണമായ ഒരു സ്വകാര്യ കമ്പനിയായിരിക്കില്ല.
2023 മുതല്‍ 22 ബില്യണ്‍ ഡോളറിന്റെ നഷ്ടം, വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍, സ്മാര്‍ട്ട്‌ഫോണിലും എഐ വിപ്ലവങ്ങളിലും നഷ്ടപ്പെട്ട അവസരങ്ങള്‍ എന്നിവയില്‍ നിന്ന് കരകയറാന്‍ ഇന്റല്‍ പോരാടുന്നതിനിടെയാണ് ഈ ഇടപെടല്‍. ഒരുകാലത്ത് സിലിക്കണ്‍ വാലിയിലെ ഒരു പ്രമുഖ കമ്പനിയായിരുന്നെങ്കിലും, അതിന്റെ 108 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയം ഇപ്പോള്‍ എന്‍വിഡിയയുടെ 4.3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനത്താല്‍ ചെറുതാണ്.
സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കമ്പനിയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുമോ, അതോ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ക്രിയേറ്റീവ് സ്ട്രാറ്റജീസിലെ ബെന്‍ ബജാരിന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പറഞ്ഞതുപോലെ, 'സര്‍ക്കാര്‍ ഒരു ഓഹരി ഉടമയായിക്കഴിഞ്ഞാല്‍, അവരുടെ നിക്ഷേപം സംരക്ഷിക്കാന്‍ അവര്‍ എന്തും ചെയ്യും? എന്ന ചോദ്യം പ്രസക്തമാണ്.
ഇന്റലിന്റെ 10% ഓഹരി ഉടമാവകാശം യുഎസ് സര്‍ക്കാരിനായി ഉറപ്പാക്കി ഡോണള്‍ഡ് ട്രംപ്
