യുഎസ് ഭീഷണിക്കു വഴങ്ങില്ല; എണ്ണ കുറഞ്ഞ വിലക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യ വാങ്ങും-റഷ്യയിലെ ഇന്ത്യൻ അംബാസഡർ

യുഎസ് ഭീഷണിക്കു വഴങ്ങില്ല; എണ്ണ കുറഞ്ഞ വിലക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യ വാങ്ങും-റഷ്യയിലെ ഇന്ത്യൻ അംബാസഡർ


ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ തീരുവ വർധനവ് ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രതികാര നടപടികളെ അവഗണിക്കുകയാണെന്ന് സൂചന നൽകി ഇന്ത്യ. കുറഞ്ഞ വിലക്ക് എവിടെ നിന്ന് എണ്ണ ലഭിച്ചാലും ഇന്ത്യൻ കമ്പനികൾ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസംരക്ഷണം ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 50 ശതമാനം തീരുവ ഡോണൾഡ് ട്രംപ് ചുമത്തിയതിന് ശേഷം ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള പങ്കാളിത്തം എണ്ണ വിപണിയിൽ സുസ്ഥിരത കൊണ്ടു വരാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് യു.എസ് തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരമെന്നത് ഇന്ത്യയുടെ അവകാശമാണ്. ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരും. നിലവിലെ സാഹചര്യം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യു.എസ് ഭീഷണിക്കിടെ അധിക ഡിസ്‌കൗണ്ടിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.