പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരവും ധീരവുമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . പുറത്താക്കുകയല്ല മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. ധാര്‍മികതയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്ന് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോയെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.
കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും നിശ്ചയദാര്‍ഢ്യത്തോടും കാര്‍ക്കശ്യത്തോടും കൂടി ഒരു തീരുമാനമെടുക്കുന്നത്. ഒരു പരാതിയും ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവും പാര്‍ട്ടിയുടെ പക്കലില്ല. എന്നിട്ടും 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം രാജിവെച്ചു. എന്നിട്ടും പാര്‍ട്ടി ആ വിഷയം ഗൗരവമായി പരിശോധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളുമായും ആലോചിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ. ഇപ്പോള്‍ കോണ്‍ഗ്രസിനെ കളിയാക്കുന്നവര്‍, ആക്രമിക്കുന്നവര്‍ പറയണം. വലിയ കോംപ്രമൈസ് ആണെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. ഒരു ബലാത്സംഗക്കേസ് പ്രതി കൈ പൊക്കിയിട്ടാണ് രാജേഷ് മന്ത്രിയായി നിയമസഭയില്‍ ഇരിക്കുന്നതെന്ന് ഓര്‍ക്കണം. സ്വയം ഒരു ഉളുപ്പ് വേണ്ടേ?. വിഡി സതീശന്‍ ചോദിച്ചു.
പോക്‌സോ കേസ് പ്രതി ബിജെപിയിലെ ഹൈ കമ്മിറ്റിയിലാണ്. സിപിഎമ്മിലും ഇഷ്ടംപോലെ ആളുകളുടെ പേര് പറയാനാകും. എന്നാല്‍ അതൊന്നും ഞങ്ങള്‍ പറയുന്നില്ല. അവര്‍ക്കെതിരെയൊന്നും ഒരു നടപടിയും എടുത്തിട്ടില്ല. അതൊക്കെ പറഞ്ഞ് കോണ്‍ഗ്രസിനും വേണമെങ്കില്‍ ഉഴപ്പാമായിരുന്നു. എന്നാല്‍ ആദ്യം തന്നെ സ്ഥാനത്തു നിന്നും മാറ്റി. പിന്നാലെ സസ്‌പെന്റ് ചെയ്തു മാറ്റിനിര്‍ത്തി. അത് സ്ത്രീകളോടുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. അവരുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ ചെയ്തതാണ്. വേറൊരു പാര്‍ട്ടിയേയും പോലല്ല കോണ്‍ഗ്രസ് എന്ന് നിങ്ങളെക്കൊണ്ട് പറയിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്ത്രീയുടെ അഭിമാനം കാത്തുരക്ഷിക്കാനാണ് കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ തീരുമാനം അടയാളപ്പെടുത്തുക തന്നെ ചെയ്യും. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ പാര്‍ട്ടിയിലുള്ളവരുടെ പല കേസുകളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും അവിടെത്തന്നെ ഇരിക്കുകയല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് ഇത്തരക്കാര്‍ ഇരിക്കുന്നില്ലേ. എന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യപ്പെടുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.
സിപിഎമ്മിന്റെ മഹിളാ നേതാക്കള്‍ രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു. അവരാരും സിപിഎമ്മിലെ നേതാക്കള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നു വന്നപ്പോള്‍, ആ പാര്‍ട്ടി ഒരു നടപടിയും എടുക്കാതിരുന്നപ്പോള്‍ പ്രതികരിക്കാതിരുന്നതെന്താണ്. ഉമ തോമസ് അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിവെച്ചത് സിപിഎമ്മാണ്. അങ്ങനെയൊരു സംസ്‌കാരം ഉണ്ടാക്കിവെച്ചത്. ഒരു സ്ത്രീ പോലും സൈബറിടത്തില്‍ ആക്രമിക്കപ്പെടരുത്. പരാതി കൊടുക്കുന്നവരെപ്പോലും ആക്രമിക്കരുത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മനോരോഗമാണ്. അത് അവസാനിപ്പിക്കേണ്ടതാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരവും ധീരവുമായ നടപടിയെന്ന് വി ഡി സതീശന്‍
