ഗാസ: ഗാസയിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹൊസം അല്‍ മസ്‌റി, അല്‍ ജസീറയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമ, ദി ഇന്‍ഡിപെന്റന്റ് അറബിക്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക മറിയം അബു ദഖ, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മോസ് അബു താഹ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍.
മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആശുപത്രിക്കു നേരെ ഇസ്രായേല്‍ രണ്ട് ആക്രമണങ്ങളാണ് നടത്തിയത്. ആദ്യത്തെ ആക്രമണം നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിന്റെ നാലാം നിലയിലും രണ്ടാമത്തേത് ആംബുലന്‍സ്- അടിയന്തര ജീവനക്കാരേയുമാണ് ലക്ഷ്യമിട്ടത്. ഇരട്ട ആക്രമണത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
കഴിഞ്ഞ 22 മാസത്തിനിടെ ഗാസയില്‍ കുറഞ്ഞത് 192 മാധ്യമ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് (സി പി ജെ) പറയുന്നു. റഷ്യ- യുക്രെയന്‍ യുദ്ധത്തില്‍ 18 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആധുനിക ചരിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത രാജ്യമായി ഇസ്രായേല്‍ മാറി.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നില്ലെന്നും സൈനിക മേധാവി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായും ഇസ്രായേല്‍ അറിയിച്ചു. മാത്രമല്ല ആശുപത്രിക്കു നേരെ ആക്രമണം നടത്തിയതായി ഐ ഡി എഫ് സമ്മതിച്ചില്ല.
കഴിഞ്ഞ ആഴ്ച ഗാസ സിറ്റിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രായേല്‍ സൈന്യം ഓപ്പറേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ പതിനായിരക്കണക്കിന് റിസര്‍വിസ്റ്റുകളെ അണിനിരത്തിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആദ്യ ആക്രമണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ പുനഃപരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ക്കിടയിലും ഇസ്രായേല്‍ സര്‍ക്കാര്‍ സൈനിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളതായി വിമര്‍ശിക്കപ്പെടുന്ന ഗാസയിലെ പ്രചാരണം പാലസ്തീനികളെ കൂടുതല്‍ കുടിയിറക്കാന്‍ സാധ്യതയുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നുവെന്ന് ഹമാസ് ആരോപിച്ചു. ടെലിഗ്രാമിലെ ഗ്രൂപ്പില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ ഗാസ നഗരത്തിലെ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ക്രൂരമായ യുദ്ധം എന്നാണ് സൈനിക നടപടികളെ അപലപിച്ചത്.
ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിന് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ഇസ്രായേല്‍ സൈന്യത്തിനും ഹമാസിനും ഇടയിലുള്ള പ്രധാന യുദ്ധക്കളമായ ഗാസ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം.