ന്യൂഡല്‍ഹി: തന്റെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ട്രംപ് താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പാണ് പ്രധാനമന്ത്രി തന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും യു എസും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങരുതെന്ന സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി അമേരിക്കയുടെയോ യു എസ് പ്രസിഡന്റിന്റെയോ പേര് പറഞ്ഞില്ലെങ്കിലും ലോകത്തിലെ സാമ്പത്തിക താത്പര്യത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചതിനാല്‍ പരാമര്‍ശം വ്യക്തമായിരുന്നു.
ചെറുകിട സംരംഭകര്‍ക്കോ കര്‍ഷകര്‍ക്കോ കന്നുകാലി വളര്‍ത്തുന്നവര്‍ക്കോ ഒരു ദോഷവും തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എത്ര സമ്മര്‍ദ്ദം വന്നാലും ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏകദേശം 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് ലോകത്തിന് അത്ഭുതവും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകള്‍ക്ക് ചര്‍ച്ചാ വിഷയവുമാണെന്നും മോഡി പറഞ്ഞു. എന്നാല്‍ ട്രംപ് ഇന്ത്യയെ 'നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ' എന്നാണ് വിശേഷിപ്പിച്ചത്.
ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയും റഷ്യന്‍ എണ്ണയുടെ വില്‍പ്പനയ്ക്കും വാങ്ങലിനും അധിക പിഴയുമാണ് ചുമത്തുന്നത്. ഇന്ത്യ ഈ പ്രഖ്യാപനത്തെ അപലപിക്കുകയും ട്രംപിന്റെ താരിഫുകളെ 'അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവും' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് 25 ശതമാനം അധിക പിഴ ചുമത്തിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
തന്റെ താരിഫുകളെ ന്യായീകരിക്കാന്‍ എണ്ണ ഇറക്കുമതിയിലൂടെ യുക്രെയ്‌നിലെ മോസ്‌കോയുടെ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
2022-ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യ കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വാഷിംഗ്ടണിന്റെ നിലപാടിനെ പരിഹസിച്ചു.
ബിസിനസ് അനുകൂലമായ അമേരിക്കന്‍ ഭരണകൂടം മറ്റുള്ളവര്‍ ബിസിനസ്സ് ചെയ്യുന്നുണ്ടെന്ന് ആരോപിക്കുന്നത് വിരോധാഭാസമാണെന്ന് യു എസ് വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു.