ഇ ഡി വീട്ടില്‍ റെയ്ഡിനെത്തി; എം എല്‍ എ മതില്‍ ചാടി ഓടി

ഇ ഡി വീട്ടില്‍ റെയ്ഡിനെത്തി; എം എല്‍ എ മതില്‍ ചാടി ഓടി


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്‌കൂളുകളിലെ നിയമനങ്ങളുടെ മറവില്‍ കോടിക്കണക്കിനു രൂപ തട്ടിച്ചെന്ന കേസില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ കണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ വീടിന്റെ മതില്‍ചാടി രക്ഷപ്പെട്ടു. എന്നാല്‍ പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ എം എല്‍ എയെ സാഹസികമായി പിടികൂടി. പുതിയ കേസ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. 

അന്വേഷണ സംഘം എം എല്‍ എയുടെ ബന്ധുക്കളുടെയും പി എയുടെയും വീടുകളിലും പരിശോധന നടത്തുന്നുണ്ട്. ബര്‍വാന്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എം എല്‍ എയായ ജിബന്‍ കൃഷ്ണ സാഹയുടെ മുര്‍ഷിദാബാദിലെ വസതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അന്വേഷണ സംഘത്തെ കണ്ട ജിബന്‍ കൃഷ്ണ മതില്‍ചാടി ഓടുകയായിരുന്നു. പിന്തുടര്‍ന്ന ഇ ഡി, സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് എം എല്‍ എയെ പിടികൂടിയത്.

ചെളിപുരണ്ട വസ്ത്രവുമായി കൃഷിയിടത്തിലെ ചവറുകൂനയ്ക്ക് സമീപത്ത് നിന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജിബന്‍ കൃഷ്ണ നടന്നുവരുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെളിവു നശിപ്പിക്കുന്നതിന് ജിബന്‍ കൃഷ്ണ തന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ വീടിന് പിന്നിലെ കുളത്തില്‍ എറിഞ്ഞിരുന്നതായി ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു ഫോണുകളും വീണ്ടെടുത്തതായും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍, ക്ലാസ് സി, ഡി ജീവനക്കാര്‍ എന്നിവരുടെ നിയമനത്തില്‍ വ്യാപക അഴിമതി നടത്തിയെന്നാണ് ജിബന്‍ കൃഷ്ണയ്‌ക്കെതിരായ കേസ്. സി ബി ഐയുടെ ചുവടുപിടിച്ചാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ് ചാറ്റര്‍ജി, മുന്‍ തൃണമൂല്‍ എം എല്‍ എ മണിക് ഭട്ടാചാര്യ എന്നിവരടക്കമുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു. 2023ല്‍ ജിബന്‍ കൃഷ്ണ സാഹയെ സി ബി ഐ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.