കൊച്ചി: റാപ്പര്‍ വേടനെതേരെ വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സംഗീത ഗവേഷകയാണ് യുവതി. ഗവേഷണത്തിന്റെ ഭാഗമായി യുവതി വേടനെ ബന്ധപ്പെട്ടുവെന്നും കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ വച്ച് ഈ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്.
അപമാനിക്കാന്‍ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ യുവതി കേരളത്തിലല്ല ഉള്ളത്. അവര്‍ കൊച്ചിയില്‍ എത്തിയാലുടന്‍ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.