മോസ്‌കോ: റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യു എസും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 'ഏറ്റവും നല്ല കരാര്‍' ലഭിക്കുന്നിടത്ത് നിന്ന് ന്യൂഡല്‍ഹി എണ്ണ വാങ്ങുന്നത് തുടരുമെന്നും ദേശീയ താത്പര്യം സംരക്ഷിക്കാന്‍ 'നടപടികള്‍ സ്വീകരിക്കുമെന്നും' റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ്ജ നയം പൗരന്മാര്‍ക്ക് വിശ്വസനീയമായ വിതരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ടാസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തി, പിന്നീട് അദ്ദേഹം അത് ഇരട്ടിയാക്കി 50 ശതമാനമാക്കി. യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടയില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
ഇതിനെ 'അന്യായവും, യുക്തിരഹിതവും, നീതീകരിക്കാത്തതും' എന്ന് വിശേഷിപ്പിച്ചുകൊണ്ട് റഷ്യയുമായും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം ആഗോള എണ്ണ വിപണി സ്ഥിരതയ്ക്ക് കാരണമായിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു.
വ്യാപാരം വാണിജ്യാടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വാണിജ്യ ഇടപാട് വ്യാപാര ഇറക്കുമതിയുടെ അടിസ്ഥാനം ശരിയാണെങ്കില്‍, ഇന്ത്യന്‍ കമ്പനികള്‍ 'ഏറ്റവും മികച്ച കരാര്‍' ലഭിക്കുന്നിടത്ത് നിന്ന് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അപ്പോള്‍ നിലവിലെ സാഹചര്യം അതാണ്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യ മാത്രമല്ല, യു എസും യൂറോപ്പും റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്ന് പറഞ്ഞ പ്രതിനിധി 'ഞങ്ങളുടെ വ്യാപാരം വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്' എന്ന് പറഞ്ഞു.
ട്രംപ് ഇന്ത്യയില്‍ തീരുവ ചുമത്തിയതിന് ശേഷം, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യു എസിന്റെ നീക്കത്തെ 'ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്' എന്ന് വിളിച്ചിരുന്നു.