യുക്രെയ്‌നിലെ യു എസ് ഫാക്ടറി റഷ്യ ആക്രമിച്ചുവോ? ഒഴിഞ്ഞുമാറി സെര്‍ജി ലാവ്‌റോവ്

യുക്രെയ്‌നിലെ യു എസ് ഫാക്ടറി റഷ്യ ആക്രമിച്ചുവോ? ഒഴിഞ്ഞുമാറി സെര്‍ജി ലാവ്‌റോവ്


മോസ്‌കോ: യു എസിന്റെ ഉടമസ്ഥതയില്‍ യുക്രെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്കു നേരെ റഷ്യ ആക്രമണം നടത്തിയോ എന്ന ചോദ്യത്തില്‍ നിന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഒഴിഞ്ഞുമാറി. യുക്രെയ്നിന്റെ സൈനിക മേഖലകളുമായി ബന്ധമില്ലാത്ത സൈറ്റുകളെ റഷ്യ മനഃപൂര്‍വ്വം ലക്ഷ്യം വച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ ബി സി നടത്തിയ അഭിമുഖത്തില്‍ ലാവ്‌റോവിനോട് ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും റഷ്യ ആക്രമിച്ച സൈറ്റ് ഒരു ഇലക്ട്രോണിക് ഫാക്ടറിയാണെന്നും സൈനിക ഫാക്ടറിയല്ലെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല അവിടെ കോഫി മെഷീനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതിന് ലാവ്‌റോവ് നല്‍കിയ മറുപടി ചില ആളുകള്‍ ശരിക്കും നിഷ്‌കളങ്കരാണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ജനാലയില്‍ ഒരു കോഫി മെഷീന്‍ കാണുമ്പോള്‍ കോഫി മെഷീനുകള്‍ നിര്‍മ്മിക്കുന്ന സ്ഥലമാണിതെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നായിരുന്നു. തങ്ങളുടെ ഇന്റലിജന്‍സിന് വളരെ നല്ല വിവരങ്ങളുണ്ടെന്നും സൈനിക സംരംഭങ്ങള്‍, സൈനിക സൈറ്റുകള്‍ അല്ലെങ്കില്‍ യുക്രെയ്‌നിയന്‍ സൈന്യത്തിനായി സൈനിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നേരിട്ട് ഉള്‍പ്പെട്ടിരിക്കുന്ന വ്യാവസായിക സംരംഭങ്ങള്‍ എന്നിവ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.

റഷ്യക്കാരെ കൊല്ലാന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു സംരംഭത്തില്‍ അമേരിക്കന്‍ മൂലധനം ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ താാന്‍ അങ്ങനെ കരുതുന്നില്ലെന്നും അത് ന്യായമല്ലെന്നും അതൊരുതരം സാമ്രാജ്യത്വമാണെന്നും റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

റഷ്യ ഒരു അമേരിക്കന്‍ ഉടമസ്ഥതയിലുള്ള കമ്പനിയെ ലക്ഷ്യമാക്കി ആക്രമിച്ചുവെന്ന് സ്ഥിരീകരിക്കുകയാണോ എന്ന് ലാവ്റോവിനോട് വീണ്ടും ചോദിച്ചപ്പോള്‍ താന്‍ ആ സംഭവം സ്ഥിരീകരിച്ചതായി പറഞ്ഞിട്ടില്ലെന്നും താന്‍ അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്.

പടിഞ്ഞാറന്‍ യുക്രെയ്നിലെ മുകച്ചേവോയിലെ ഒരു അമേരിക്കന്‍ ഫാക്ടറിയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയതെന്ന് യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍, തെക്കന്‍ മുന്‍നിരകളില്‍ നിന്ന് വളരെ അകലെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് 574 ഡ്രോണുകളും 40 മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്‌നിയന്‍ വ്യോമസേന റിപ്പോര്‍ട്ട് ചെയ്തു.