സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും


തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലയിലെ ആസ്തി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഈ നീക്കം.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവര്‍ ഏപ്രില്‍ 8ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു.

കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു. സിപിഎമ്മിന് യാതൊരു ഭയവുമില്ലെന്നും. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണെന്നും എംഎ വര്‍ഗീസ് പറഞ്ഞു. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.