കൊച്ചി: എറണാകുളം- ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെകൊണ്ട് ആര്‍ എസ് എസിന്റെ ഗണഗീതം പാടിച്ചതിനെതിരേ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും റെയില്‍വേയെ രാഷ്ട്രീയ ആശയ പ്രദര്‍ശനത്തിന്റെ വേദിയാക്കിയത് ദൗര്‍ഭാഗ്യകരമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കെ സി കത്തയച്ചു. അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കെസിയുടെ ആവശ്യം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാര്‍, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇവിടെ റെയില്‍വേ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്?
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആര്‍ എസ് എസിന്റെ നുകത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ആര്‍ എസ് എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റെത് കൂടിയായിക്കഴിഞ്ഞു.
കപട ദേശീയതയുടെ വക്താക്കളായ ആര്‍ എസ് എസും അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പിയും നമ്മുടെ ദേശീയ സങ്കല്‍പ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്. ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോല്‍പ്പിക്കും.
