ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് 'നിതി ആയോഗ്' റിപ്പോര്‍ട്ട്. 18-23 പ്രായപരിധിയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പണം ചെലവിടുന്നതിലാണ് കേരളം മുന്നില്‍ തുടരുന്നത്. സംസ്ഥാനം 2020-21ല്‍ 4,225 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചെലവഴിച്ചത്. വിദ്യാഭ്യാസമേഖലയ്ക്കുള്ള വിഹിതത്തിന്റെ 15 ശതമാനത്തില്‍ കൂടുതലാണിത്.
കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസമേഖലയുടെ വിഹിതം മൂന്ന് ശതമാനത്തില്‍ താഴെയാണ്. കേരളം സംസ്ഥാന ജിഡിപിയുടെ 3.46 ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവിടുന്നു. 0.53 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് മാത്രമായി വിനിയോഗിക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആണ്‍-പെണ്‍ അനുപാതത്തില്‍, 1.44 എന്ന നിരക്കില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്. നിതി ആയോഗിന്റെ ' എക്സ്പാന്‍ഡിങ് ക്വാളിറ്റി ഹയര്‍ എഡ്യൂക്കേഷന്‍ ത്രൂ സ്റ്റേറ്റ്സ് ആന്‍ഡ് സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റീസ്' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
അതേസമയം ഭൂരിപക്ഷം സംസ്ഥാനങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചെലവഴിക്കുന്ന വിഹിതം വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ശരാശരി എടുത്താല്‍ 2010-15ല്‍ വിദ്യാഭ്യാസ മേഖല ഫണ്ട് വിനിയോഗത്തിന്റെ 10 ശതമാനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ 2015-20ല്‍ ഇത് 6.6 ശതമാനമായി ഇടിഞ്ഞു.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആളോഹരി ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ ഏറ്റവും പിന്നിലാണ്.
ഉന്നത വിദ്യാഭ്യസത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്
