തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. 126 സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഇന്നലെ 58.82 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പായതിനാൽ ഫലം മുന്നണികൾ രാഷ്ട്രീയമായി വിലയിരുത്തും. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നേരിട്ട് വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ജനവിധിയെന്ന നിലയിൽ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവിടങ്ങളിലെ പോരാട്ടം ശ്രദ്ധേയമായിരുന്നു.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളുമാണ് പ്രചാരണത്തിൽ പ്രധാനമായും ഉയർന്നത്. വൈദ്യുതി നിയന്ത്രണം, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങൾ എൽ.ഡി.എഫ് പ്രചാരണത്തിൽ ഉന്നയിച്ചു. പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന, വിവിധ വികസന പദ്ധതികൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം.
ഫാത്തിമ തഹ്‌ലിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിനായി ഫർസീന അറക്കലും എൽ.ഡി.എഫിനായി ജംഷീന ടി.പിയും മത്സരിച്ചു. ബി.ജെ.പിക്കായി കെ. ജിജിയും രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി.
ആകെ 385 പോളിങ് സ്റ്റേഷനുകളാണ് ഉപതിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ TREND സംവിധാനത്തിലൂടെ ഫലം ലഭ്യമാകും.
38 തദ്ദേശ വാർഡുകളുടെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; രാവിലെ 10 മുതൽ വോട്ടെണ്ണൽ
