വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്കിടെ ഉപരോധ ഇളവും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുന്നതും വാഗ്ദാനം ചെയ്‌തെന്ന റിപ്പോർട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനുമായി ബന്ധപ്പെട്ട് യുഎസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മധ്യസ്ഥരുമായി ചർച്ച നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചെങ്കിലും ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ഇറാന് ഉപരോധ ഇളവ് നൽകാനും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും ട്രംപ് സന്നദ്ധനാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പകരമായി ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ നടപടികൾ വേണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് തെറ്റാണെന്നും താൻ ഇറാന് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ന്യൂയോർക്കിൽ ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാഷിങ്ടണുമായി നേരിട്ടുള്ള പുതിയ ചർച്ചകൾക്ക് തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചും യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹോർമുസ് കടലിടുക്ക് പ്രധാന വിഷയമായി
ഇറാൻ-യുഎസ് തർക്കത്തിൽ ഹോർമുസ് കടലിടുക്ക് പ്രധാന വിഷയമായി തുടരുകയാണ്. കടലിടുക്ക് വീണ്ടും തുറക്കണമെന്ന ഇറാന്റെ നിർദേശം കഴിഞ്ഞ ദിവസം ട്രംപ് തള്ളിയിരുന്നു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിന്നീട് അദ്ദേഹം പറഞ്ഞു.
ലോകത്തെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. സംഘർഷത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിലുണ്ടായ തടസ്സം ഊർജവിലയെയും അമേരിക്കയിലെ ഉപഭോക്തൃവിലകളെയും ബാധിച്ചതായാണ് റിപ്പോർട്ട്. നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലവർധന ട്രംപ് ഭരണകൂടത്തിന് ആഭ്യന്തര സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നയതന്ത്ര നീക്കങ്ങൾ.
'ഇറാന് ഇളവുകളൊന്നും വാഗ്ദാനം ചെയ്തിട്ടില്ല'; ഉപരോധ ഇളവ് റിപ്പോർട്ട് തള്ളി ട്രംപ്
