ചിലത് ചീഞ്ഞുനാറുന്ന നെതന്യാഹുവിന്റെ ഇസ്രായേല്‍

ചിലത് ചീഞ്ഞുനാറുന്ന നെതന്യാഹുവിന്റെ ഇസ്രായേല്‍


ഒക്ടോബര്‍ 7ന് മുമ്പ് യു എ ഇ, ഈജിപ്ത്, ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും ഗാസയോടുള്ള നയത്തെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന നിലപാടിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിക്കാനാകാത്തവിധം ശക്തിപ്രാപിക്കുന്നു. 


പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്. ഇന്നലെ തുടങ്ങിയതല്ല അത്; അതിന് മുമ്പുള്ള ദിവസവും തുടങ്ങിയതല്ല. എന്നാല്‍ ആ ചീഞ്ഞുനാറ്റം കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതായാണ് തോന്നുന്നത്.

ഒക്ടോബര്‍ 7ലെ സംഭവങ്ങളിലേക്ക് നയിച്ച വീഴ്ചകളില്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനിടെ, നെതന്യാഹുവിന്റെ അനുകൂലികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഗാദി ഐസന്‍കോട്ടിന് അമേരിക്കന്‍ ശൈലിയിലുള്ള ഉച്ചാരണമില്ലെന്നതിനെ പരിഹസിക്കുന്ന തിരക്കിലാണ്.

ഗാസയില്‍നിന്നുള്ള ഹമാസിന്റെ വലിയ ആക്രമണത്തെക്കുറിച്ച് യു എ ഇ നല്‍കിയ മുന്നറിയിപ്പ് നേരിട്ട് നെതന്യാഹുവിന് കൈമാറിയെന്ന ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ദ ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായ ഈജിപ്ഷ്യന്‍ മുന്നറിയിപ്പിനെക്കുറിച്ചുള്ള യെദിയോത്ത് അഹറോനോത്ത് വിശകലന വിദഗ്ധ സ്മദാര്‍ പെറിയുടെ മുന്‍ റിപ്പോര്‍ട്ടിനും ദ അറ്റ്‌ലാന്റിക് പിന്തുണ നല്‍കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ സഹായി ജോനാഥന്‍ ഉറിച്ചും നെതന്യാഹുവിനെ അനുകൂലിക്കുന്ന ചാനല്‍ 14ലെ മറ്റുള്ളവരും മുന്‍ ഐ ഡി എഫ് മേധാവിയും ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ മകനെ നഷ്ടപ്പെട്ട പിതാവുമായ ഐസന്‍കോട്ടിനെ വംശീയ ചുവയുള്ള പരാമര്‍ശങ്ങളിലൂടെ പരിഹസിക്കുകയാണ് ചെയ്യുന്നത്. 

ഇതാണ് നിലവിലെ സ്ഥിതി. അതുതന്നെയാണ് 'നെതന്യാഹുവിന്റെ ഭരണ'ത്തിന്റെ പ്രശ്‌നവും. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും അനുയായികളെയും മാറ്റിനിര്‍ത്തിയാല്‍, ഇതുവരെ നിലനിന്നിരുന്ന ആകര്‍ഷണം മങ്ങുകയാണ്. തന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമായി തിരിച്ചറിയപ്പെടുന്നു; തമാശകള്‍ ദയനീയമാകുന്നു; ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറല്‍ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലാകുന്നു.

മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നു

ഇസ്രായേല്‍, ഈജിപ്ത്, യു എ ഇ മാധ്യമങ്ങളില്‍ ആദ്യം പുറത്തുവന്ന മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലോകത്തെ പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളില്‍ ഒന്നിലധികം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. ഒക്ടോബര്‍ 7ലെ ആക്രമണത്തിലേക്ക് നയിച്ച വീഴ്ചകളില്‍ നെതന്യാഹുവിന്റെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഈ മാധ്യമസ്ഥാപനങ്ങള്‍ക്ക് തെറ്റുപറ്റാറില്ലേ? തീര്‍ച്ചയായും തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ ഇവയ്ക്ക് ഉയര്‍ന്ന വിശ്വാസ്യതയുള്ള സ്ഥാപനങ്ങളാണെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതോടൊപ്പം വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ വസ്തുതകളും വിവരങ്ങളും പരിശോധിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നതെന്നും തിരിച്ചറിയണം. 

നെതന്യാഹുവിന്റെ അനുയായികള്‍ ന്യൂയോര്‍ക്ക് ടൈംസിന് ഇസ്രായേല്‍ വിരുദ്ധമായ എഡിറ്റോറിയല്‍ നിലപാടുണ്ടെന്ന് ആരോപിച്ചേക്കാം. എന്നാല്‍ ദ അറ്റ്‌ലാന്റിക്കിനെ ഇസ്രായേല്‍ വിരുദ്ധമെന്ന് ആരോപിക്കുന്നത് അത്ര എളുപ്പമാകില്ല. 

മുന്നറിയിപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകരായ ഷ്‌ലോമി എല്‍ദറിനെയും സ്മദാര്‍ പെറിയെയും അപകീര്‍ത്തിപ്പെടുത്താനാണ് നെതന്യാഹുവിന്റെ അനുയായികള്‍ ശ്രമം നടത്തുന്നത്.

നെതന്യാഹുവിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ രൂപീകരിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും വിവരങ്ങളും ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. 

ഗാസയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അവഗണിച്ചോ?

യു എ ഇയില്‍നിന്നുള്ള മുന്നറിയിപ്പ് അവഗണിക്കുകയും അത് സുരക്ഷാ സംവിധാനത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരിക്കുകയും ചെയ്തത് ഗുരുതരമായ വീഴ്ചയായാണ് കാണേണ്ടത്. 

2023 ഒക്ടോബര്‍ 1ന് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലും ഈ മുന്നറിയിപ്പ് അദ്ദേഹം പരാമര്‍ശിച്ചില്ല. പകരം ഗാസയുമായി ബന്ധപ്പെട്ട് ശാന്തത തുടരാന്‍ സുരക്ഷാ സംവിധാനത്തിന് നിര്‍ദേശം നല്‍കുകയാണുണ്ടായത്. 

അന്ന് ഷിന്‍ ബെറ്റ് മേധാവിയായിരുന്ന റോണന്‍ ബാര്‍ വെസ്റ്റ് ബാങ്കിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെതന്യാഹു ഗാസയില്‍ ശാന്തത നിലനിര്‍ത്തുക എന്ന നയം തുടരാനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്. പിന്നാലെയാണ് റോണന്‍ ബാര്‍ നെതന്യാഹുവിന്റെ 'രാജകുടുംബത്തിന്റെ' എതിരാളിയായി മാറിയത്.

സമാനമായ സന്ദേശം ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈജിപ്ഷ്യന്‍ മുന്നറിയിപ്പും പ്രധാനമന്ത്രി അവഗണിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

അമിതമായ ആത്മവിശ്വാസത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് നെതന്യാഹു പ്രവര്‍ത്തിച്ചതെന്നും സുരക്ഷാ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് വ്യക്തമായിരുന്നിട്ടും ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവുകയാണുണ്ടായത്.

ഈജിപ്തിന്റെയും യു എ ഇയുടെയും മുന്നറിയിപ്പുകള്‍ മാത്രമല്ല, ഷിന്‍ ബെറ്റ് മേധാവി നല്‍കിയ യുദ്ധമുന്നറിയിപ്പുകളും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെയും ഐ ഡി എഫിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പുകളും നെതന്യാഹു അവഗണിക്കുകയായിരുന്നു.

ഈ മുന്നറിയിപ്പുകളൊന്നും ഗാസയെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിരുന്നില്ലെന്നാണ് നെതന്യാഹുവിന്റെ വാദം. എന്നാല്‍ യു എ ഇയുടെയും ഈജിപ്തിന്റെയും മുന്നറിയിപ്പുകളില്‍ ഗാസയെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ടായിരുന്നു. എന്നിട്ടും സുരക്ഷാ സംവിധാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അവ പങ്കുവെക്കാന്‍ നെതന്യാഹു തയ്യാറായില്ല.

ഹമാസിനെ ശക്തിപ്പെടുത്തിയ നയം

റോണന്‍ ബാറും അന്നത്തെ ഐ ഡി എഫ് മേധാവി ഹെര്‍സി ഹലേവിയും നിര്‍ണായക വിവരങ്ങള്‍ നെതന്യാഹുവില്‍നിന്ന് മനഃപൂര്‍വം മറച്ചുവെച്ചുവെന്ന തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ മറിച്ച് നെതന്യാഹുവാണ് ചില വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് മറച്ചുവെച്ചത്. ഇക്കാര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

ഒക്ടോബര്‍ 7ലെ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഹമാസിനെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ശക്തമായ സൈനിക ശക്തിയാക്കി മാറ്റുന്നതില്‍ നെതന്യാഹുവിന്റെ നയങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനായെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. 

2009 മുതല്‍ സംവിധാനത്തിന് നേതൃത്വം നല്‍കിയ നെതന്യാഹു പാലസ്തീന്‍ അതോറിറ്റിയെക്കാള്‍ ഹമാസിന് മുന്‍ഗണന നല്‍കുന്ന നയമാണ് പിന്തുടര്‍ന്നത്. 2018 മുതല്‍ ഖത്തര്‍ വഴി ഹമാസിന് ധനസഹായം എത്തിക്കുന്നതിനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.

മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണക്കാരന്ന് നെതന്യാഹു വിമര്‍ശിച്ച ഖത്തറിനോടുതന്നെ ഗാസയിലേക്ക് പണം എത്തിക്കാന്‍ സഹായം തേടിയതും പാലസ്തീന്‍ അതോറിറ്റിയെ ശത്രുവായി കാണുന്നതിനാലാണ് ഖത്തര്‍ വഴിയുള്ള ധനസഹായം തെരഞ്ഞെടുത്തതെന്നും ആരോപണം ഉയരുന്നു.

2019ല്‍ ഈ പണം ഹമാസിന്റെ സൈനിക വിഭാഗത്തിലേക്കും എത്തുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ച ശേഷവും ഖത്തര്‍ വഴിയുള്ള പണം ഗാസയിലേക്ക് കൈമാറുന്നത് തുടരാന്‍ നെതന്യാഹു നിര്‍ദേശിച്ചിട്ടുണ്ട്. 

ഏറ്റവും ലളിതമായി പറഞ്ഞാല്‍ നെതന്യാഹു തന്നെയാണ് എതിരാളികളെ വളര്‍ത്തിയത്. രഹസ്യാന്വേഷണ വിഭാഗവും ഷിന്‍ ബെറ്റും നല്‍കിയ മുന്നറിയിപ്പുകളും യു എ ഇ, ഈജിപ്ത് തുടങ്ങിയ സൗഹൃദ രാജ്യങ്ങളില്‍നിന്നുള്ള മുന്നറിയിപ്പുകളും വിലയിരുത്തിയാല്‍ ഇതാണ് മനസ്സിലാവുക. 

ഐ ഡി എഫിന്റെയും ഷിന്‍ ബെറ്റിന്റെയും മേധാവികളെ ലക്ഷ്യമിട്ട് തന്റെ അനുയായികളെക്കൊണ്ട് വിമര്‍ശനം ഉന്നയിപ്പിക്കുന്നതിലൂടെ ഉത്തരവാദിത്തത്തിന്റെ ശ്രദ്ധ സ്വന്തം ഭാഗത്തുനിന്ന് മാറ്റാനാണ് നെതന്യാഹുവിന്റെ ശ്രമം. 

തന്റെ ഉപദേഷ്ടാക്കളെ ഉപയോഗിച്ച് ഇസ്രായേലിലെ പൊതുജനങ്ങള്‍ക്കിടയില്‍ ഈജിപ്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും നെതന്യാഹു ശ്രമം നടത്തിയിട്ടുണ്ട്. 

മാധ്യമങ്ങളെയും ഇടതുപക്ഷത്തെയും സൈനിക മേധാവികളെയും ഷിന്‍ ബെറ്റ് മേധാവികളെയും കുറ്റപ്പെടുത്തുന്നത് നെതന്യാഹുവിന് തുടരാം. എന്നാല്‍, ഒക്ടോബര്‍ 7ലെ ദുരന്തത്തിലേക്ക് ഇസ്രായേലിനെ നയിച്ച രാഷ്ട്രീയ- സുരക്ഷാ നയങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല.

ഒക്ടോബര്‍ 7ലെ ആക്രമണം ഹോളോകോസ്റ്റിന് ശേഷം ജൂതജനത നേരിട്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ്. അതിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന് മാത്രമാണ്.