മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; സേവനങ്ങൾ സാധാരണ നിലയിൽ


ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് താത്കാലികമായി മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം മാറ്റിവച്ചതായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

സമരം മാറ്റിവച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും. ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും.

പെൻഷൻ പരിഷ്‌കരണം, എൻപിഎസ് പരിധിയിൽ വരുന്ന ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് യൂണിയനുകൾ ഉന്നയിച്ചിരുന്നു. ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കണമെന്ന ആവശ്യമാണ് പ്രധാനപ്പെട്ടത്.

ഈ ആവശ്യങ്ങളിൽ ചിലത് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ശേഷിക്കുന്ന വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് താത്കാലികമായി മാറ്റിവച്ചതെന്ന് യുഎഫ്ബിയു അറിയിച്ചു.

മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സേവന തടസ്സം കുറയ്ക്കുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.